കണ്ണൂർ വിമാനത്താവള നാലുവരിപ്പാത; കൊട്ടിയൂരിൽ 247 കച്ചവട സ്ഥാപനങ്ങൾ ഇല്ലാതാകും

കേളകം: ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലും മട്ടന്നൂർ നഗരസഭയിലുമായി നിർമിക്കുന്ന മാനന്തവാടി ബോയ്സ് ടൗൺ -പേരാവൂർ -ശിവപുരം-മട്ടന്നൂർ വിമാനത്താവള കണക്ടിവിറ്റി നാലുവരി പാതയുടെ സാമൂഹികാഘാത പൊതുവിചാരണ പുരോഗമിക്കുന്നു.വിവിധ പഞ്ചായത്തുകളിൽ പൊതുവിചാരണ പൂർത്തിയായി. സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുന്നോടിയായി, റോഡ് നിർമിക്കുമ്പോൾ സ്ഥലം, സ്ഥാപനം, വീടുകൾ, മറ്റ് സ്വത്തുക്കൾ എന്നിവ നഷ്ടപ്പെടുന്നവരുടെയും തൊഴിൽ നഷ്ട്ടപെടുന്നവരുടെയും യോഗമാണ് നടത്തുന്നത്.റോഡ് കടന്നു പോകുന്ന പഞ്ചായത്തുകളിൽ പൊതുവിചാരണ നടത്താനാണ് തീരുമാനം. കൊട്ടിയൂർ പഞ്ചായത്തിൽ 554 പേർ സ്ഥലം വിട്ടു കൊടുക്കുന്നു. 247 കച്ചവട സ്ഥാപനങ്ങൾ ഇല്ലാതാകും. 185 തൊഴിലാളികൾക്ക് നഷ്ടം സംഭവിക്കും.നൂറോളം വാടക സ്ഥാപനങ്ങൾ, ഫ്ലാറ്റ് പോലുള്ള അനുബന്ധ സ്ഥാപനങ്ങൾ എന്നിവയും ഇല്ലാതാകും. കേളകത്ത് 211 പേർക്കാണ് ഭൂമി നഷ്ടപ്പെടുന്നത്. കണിച്ചാറിൽ 196 പേർക്ക് ഭൂമി നഷ്ടപ്പെടും. മാലൂരിൽ 734 പേർക്കും പേരാവൂരിൽ 571 പേർക്കും ഭൂമി നഷ്ടപ്പെടും.