തീരത്ത് കുതിക്കാം, അന്തിച്ചോപ്പിലലിഞ്ഞ്

കണ്ണൂർ:തിരകളെ കീറിമുറിച്ചൊരു ഡ്രൈവ്. ഒപ്പം, സായംസന്ധ്യയുടെ ചെഞ്ചോപ്പിലലിഞ്ഞുചേരാം. വിസ്‌മയക്കാഴ്‌ചകളാൽ കണ്ണും മനസും നിറയ്‌ക്കാൻ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ഒരുങ്ങി. 233 കോടി രൂപയുടെ കിഫ്‌ബി പദ്ധതിയാണ് ഇവിടെ നടപ്പാക്കുക. ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കി. പുതുവർഷ സമ്മാനമായി ജനുവരിയിൽ തുറന്നുനൽകും. രണ്ടാംഘട്ട നിർമാണത്തിന് ടെൻഡറുമായി.
ഏഷ്യയിലെ ഏറ്റവും നീളംകൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നുകഴിഞ്ഞു. ബീച്ചിന്റെ സൗന്ദര്യവൽക്കരണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി 61.62 കോടി രൂപയാണ് കിഫ്‌ബി അനുവദിച്ചത്. 1.2 കിലോമീറ്ററിൽ നടപ്പാതയാണ് പ്രധാനമായും നിർമിക്കുക. ഇതിൽ നൂറുമീറ്റർ ദൂരത്തെ നടപ്പാതയാണ് പൂർത്തിയാക്കാനുള്ളത്. കിയോസ്‌ക്, ഇരിപ്പിടങ്ങൾ, രണ്ട് ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ നിർമിച്ചു.കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ് കോർപറേഷനാണ് നിർവഹണച്ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണക്കരാർ. ആദ്യ രണ്ടു ഘട്ടങ്ങളിൽ മുഴപ്പിലങ്ങാട് ബീച്ച്, മൂന്നിൽ ധർമടം പാർക്ക്, നാലിൽ ധർമടം തുരുത്ത് എന്നിങ്ങനെയാണ് പദ്ധതി നടത്തിപ്പ്. 57 കോടി രൂപയുടെ രണ്ടാംഘട്ട നിർമാണം ഉടൻ ആരംഭിക്കും.