അനധികൃതബോർഡ്: പിഴ ഉറപ്പാക്കിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാരിൽ നിന്ന് ഈടാക്കും – ഹൈക്കോടതി

Share our post

കൊച്ചി: നിരത്തിലോ പാതയോരത്തോ അനധികൃത ബോർഡ് കണ്ടാൽ പിഴചുമത്തണമെന്നും ഇല്ലെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാരിൽനിന്ന് ഈടാക്കണമെന്നും ഹൈക്കോടതി. അനധികൃതമായി ബോർഡും കൊടികളും വെക്കുന്നവർക്കെതിരേ എഫ്.ഐ.ആർ. ഇടണം. വീഴ്ചവരുത്തിയാൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉത്തരവാദിയായിരിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കി.

ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഏഴുദിവസത്തിനകം സർക്കുലർ ഇറക്കണം. അനധികൃത ബോർഡുകൾ നീക്കംചെയ്യണമെന്നുള്ള സർക്കുലറുകൾ തുടർന്നും ബാധകമാണെന്ന് അറിയിക്കണം. വ്യത്യസ്തമായി ചിന്തിക്കാമെന്നും കുട്ടികളൊന്നും ബോർഡേ നോക്കാറില്ലെന്നും വിവാഹ ക്ഷണക്കത്തുപോലും വാട്‌സാപ്പിൽവരുന്ന കാലമാണെന്നും കോടതി പറഞ്ഞു. ബോർഡുകളൊന്നുമില്ലാത്ത നവകേരളമാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരുലക്ഷത്തോളം ബോർഡുകളും കൊടികളും നീക്കംചെയ്തതായി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് അറിയിച്ചു. അനധികൃത ബോർഡുകൾക്ക് ചുമത്തിയ പിഴയിലൂടെ എത്രരൂപ ലഭിച്ചു എന്ന് അറിയിക്കണം. 5000 രൂപവീതം പിഴയിട്ടിരുന്നെങ്കിൽ സർക്കാരിന് കോടിക്കണക്കിന് രൂപ കിട്ടുമായിരുന്നെന്ന് കോടതി അഭിപ്രായപ്പെട്ടു. അനധികൃത ബോർഡുകളും കൊടികളും നീക്കാൻ നടപടിയെടുത്തതിന് സർക്കാരിനെ കോടതി അഭിനന്ദിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!