ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം; തെക്കൻ ജില്ലകളിൽ ഇന്നും നേരിയ മഴയ്ക്ക് സാധ്യത

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. എന്നാൽ, പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകൾ ഒന്നുംതന്നെ നൽകിയിട്ടില്ല. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായാണ് നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തെക്കൻ അറബിക്കടൽ, അതിനോട് ചേർന്ന ഭൂമധ്യരേഖയോട് ചേർന്ന ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഇന്നും നാളെയും (19/12/2024) തെക്കൻ ആന്ധ്രാപ്രദേശ് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!