കുടുംബശ്രീ മിഷൻ കേരള ചിക്കൻ പദ്ധതിയിലൂടെ ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം സമ്പാദിക്കാം

കണ്ണൂർ : 10,000 കോഴികളെ വളർത്തി ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം രൂപ വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ കുടുംബശ്രീ മിഷന്റെ കേരള ചിക്കൻ പദ്ധതിയിൽ ചേരാം.കോഴികളെ വളർത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള കൂട് ഒരുക്കിയാൽ മാത്രം മതി. കോഴി കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന് എന്നിവയെല്ലാം കേരള ചിക്കൻ കമ്പനി എത്തിക്കും.വളർത്തുക, വിൽക്കുക, ലാഭമെടുക്കുക എന്നത് മാത്രമേ സംരംഭകർ ചെയ്യേണ്ടതുള്ളൂ.കോഴിയിറച്ചി കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ. കുടുംബശ്രീ മിഷൻ സംസ്ഥാനമാകെ കേരള ചിക്കൻ ആരംഭിച്ചെങ്കിലും ആവശ്യം കൂടിയതോടെ കൂടുതൽ പേരെ അംഗങ്ങളാക്കാനുള്ള വലിയ പദ്ധതിയാണ് നടപ്പാക്കുന്നത്.
കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് പദ്ധതിയിൽ ചേരാം. സി ഡി എസ് വഴിയാണ് അപേക്ഷ നൽകേണ്ടത്. ഫാം പുതിയതായി ആരംഭിക്കാൻ താൽപര്യം ഉള്ളവർക്കും ഫാം നടത്തുന്നവർക്കും അപേക്ഷിക്കാം.ഒരുകോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്ന രീതിയിൽ 1000 മുതൽ 10000 കോഴികളെ വരെ വളർത്താവുന്ന ഫാമാണ് വേണ്ടത്. ഫാം തുടങ്ങാൻ വ്യവസായ വകുപ്പ്, ഖാദി ബോർഡ് എന്നിവയിൽ നിന്ന് വായ്പ ലഭിക്കും. 20 ലക്ഷം രൂപ ലോൺ എടുത്താൽ 7 ലക്ഷം രൂപ സബ്സിഡിയുണ്ട്.`കുടുംബശ്രീ വഴി നടപ്പാക്കുന്ന പദ്ധതിക്ക് കേരള ചിക്കൻ കമ്പനിക്ക് ഒരു സെക്യൂരിറ്റിയും നൽകേണ്ടതില്ല. കോഴി 40 ദിവസം വളർച്ച ആകുമ്പോൾ കമ്പനി തിരിച്ചെടുക്കും. ഒരു കിലോക്ക് 6-13 രൂപയാണ് വളർത്തു കൂലി. ഒരു കോഴിയിൽ നിന്ന് 20-26 രൂപ 40 ദിവസം കൊണ്ട് ലഭിക്കും.വിവരങ്ങൾക്ക് അടുത്തുള്ള സി ഡി എസുമായോ 8075089030 എന്ന നമ്പറിലോ ബന്ധപ്പെടാം.