ഇഷ്ടമില്ലാത്ത ചോദ്യങ്ങളോടു കയര്‍ത്ത് ജനം;ആപ്പ് വഴിയുള്ള ആരോഗ്യ സര്‍വേക്ക് ‘ആപ്പ്’

Share our post

ആലപ്പുഴ: ഇഷ്ടമില്ലാത്ത ചോദ്യങ്ങളോട് ജനം മുഖംതിരിക്കുന്നതുമൂലം ആരോഗ്യവകുപ്പിന്റെ ശൈലീ ആപ്പുവഴിയുള്ള രണ്ടാംഘട്ട ആരോഗ്യസര്‍വേക്ക് തിരിച്ചടി. കുഷ്ഠരോഗം, ക്ഷയരോഗം, സ്തനാര്‍ബുദം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടാണ് പല വീട്ടുകാരും മുഖംതിരിക്കുന്നതെന്നാണ് ആശപ്രവര്‍ത്തകരുടെ പരാതി.പരമ്പരാഗതമായി ഇത്തരം രോഗങ്ങളുണ്ടോയെന്നു ചോദിക്കുമ്പോള്‍ കയര്‍ത്തു സംസാരിക്കുന്നതും പതിവാണ്. ആളുകളുടെ ഇത്തരം സമീപനംമൂലം പല വാര്‍ഡുകളിലെയും പകുതി വീടുകളില്‍പ്പോലും സര്‍വേ പൂര്‍ത്തിയാക്കാനായിട്ടില്ല. ആപ്പിലൂടെ വിവിധ ഘട്ടങ്ങളിലായി 68 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. ഓരോ വീട്ടിലെയും 30 വയസ്സുകഴിഞ്ഞ എല്ലാവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കണം. ഇതിന് ഏറെ സമയമെടുക്കും.

ആദ്യഘട്ട സര്‍വേയില്‍ ജീവിതശൈലീരോഗങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. രണ്ടാംഘട്ടത്തില്‍ മറ്റു രോഗവിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. പലരും രോഗവിവരങ്ങള്‍ പറയാന്‍ മടികാണിക്കുകയാണ്. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയാലേ സര്‍വേ പൂര്‍ത്തിയാക്കാനാകൂ. അതിനാല്‍, എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ആശമാര്‍.ചില വീടുകളില്‍ ആശമാര്‍ എത്തുന്ന സമയം എല്ലാ അംഗങ്ങളുമുണ്ടാകാറില്ല. ഇവരെ കാണാന്‍ വീണ്ടുമെത്തേണ്ടിവരുന്നതും പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാക്കുന്നുണ്ട്. ചിലയിടങ്ങളില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് തകരാറും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ 30 വയസ്സിനു മുകളിലുള്ള 10.23 ലക്ഷം പേരിലാണ് സര്‍വേ നടത്തിയത്.

സഹകരിച്ചാല്‍ രോഗം നേരത്തെ കണ്ടെത്താം

ആരോഗ്യസര്‍വേയുമായി ജനം നല്ലരീതിയില്‍ സഹകരിച്ചാല്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനാകുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. സര്‍വേക്ക് വിധേയരാകുന്നവര്‍ക്ക് പ്രദേശത്തെ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ പ്രാഥമികപരിശോധന നടത്തും. അര്‍ബുദം, ഹൃദ്രോഗം മുതലായ വിദഗ്ദ്ധ ചികിത്സ വേണ്ട രോഗങ്ങള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ ചികിത്സ ഉറപ്പാക്കാനും കഴിയും. മറ്റ് ജീവിതശൈലീ രോഗമുള്ളവരെ അതത് ആരോഗ്യസ്ഥാപനങ്ങളേക്കും അയക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!