ഈ കൃഷിയിടത്തിനുണ്ട്, സിവിൽ സർവീസ് ടച്ച്

ഇരിട്ടി:സർവീസിൽ നിന്ന് വിരമിച്ചശേഷം തൂമ്പയുമായി നേരെ കൃഷിയിടത്തിലേക്കിറങ്ങിയ മൂന്ന് സർക്കാർ ജീവനക്കാരുടെ വിയർപ്പുണ്ട് ആറളം പൂതക്കുണ്ടിലെ മണ്ണിന്. പഞ്ചായത്ത് സെക്രട്ടറി എം സുദേശൻ, കെ.എസ്.ആർ.ടി.സി കണ്ടക്ടർ നരിക്കോടൻ മുകുന്ദൻ, ഫയർ സ്‌റ്റേഷൻ ഓഫീസർ തോട്ടത്തിൽ മോഹനൻ എന്നിവരാണ് വിരമിച്ചശേഷം കൃഷിയിൽ പുതിയ സർവീസ് ചരിത്രമെഴുതുന്നത്. ഇരിട്ടി ചുമട്ടുതൊഴിലാളി യൂണിയൻ(സിഐടിയു) അംഗം കരുവാങ്കണ്ടി രാജീവൻ, കൊച്ചോത്ത് ദാസൻ, മമ്മാലി രവി എന്നിവർ കൂടി ഉൾപ്പെട്ട കർഷകർ പൂതക്കുണ്ടിൽ പാട്ടത്തിനെടുത്ത രണ്ടര ഏക്കറിൽ പച്ചക്കറികൃഷി നടത്തി വിജയവഴിയിലാണ്.
കൊറോണ കാലത്ത് മമ്മാലി രവിയും നരിക്കോടൻ മുകുന്ദനും തുടക്കമിട്ട കൃഷിയിലേക്ക് സർവീസിൽ നിന്ന് വിരമിച്ചയുടൻ സുദേശനും മോഹനനും ഒപ്പം ചേർന്നു. പ്രദേശത്തെ നാല് കർഷകരെയും ചേർത്ത് കൃഷി വിപുലപ്പെടുത്തി.കഴിഞ്ഞ കൊല്ലം അഞ്ച് ലക്ഷം രൂപയുടെ പച്ചക്കറി വിറ്റു. അഞ്ച് വർഷങ്ങൾക്ക് മുമ്പാരംഭിച്ച പൂതക്കുണ്ട് കൃഷിക്കൂട്ടായ്മ നാടിന് കരുത്താണിന്ന്.
ചുമട്ടുതൊഴിലാളി രാജീവൻ ഇരിട്ടിയിൽനിന്നും ശേഖരിക്കുന്ന പുകയില കെട്ടുകയറാണ് കൃഷിയിടത്തിലെ പടർത്തൽ പന്തൽ. കാരാപീരി, പാവൽ, വെള്ളരി, പയർ, ചീര, ഇളവൻ, മത്തൻ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഇത്തവണ കൃഷിയിടത്തിന് ചുറ്റും തണ്ണിമത്തനും പരീക്ഷിക്കുന്നു.റിട്ട. ജീവനക്കാരുടെ പച്ചക്കറി ഇനങ്ങൾക്ക് വിപണിയിൽ നല്ല സ്വീകാര്യതയാണ്. പൂതക്കുണ്ട്, തോട്ടുകടവ്, ആറളം, എടൂർ, കാരാപറമ്പ്, പോസ്റ്റാഫീസ് തുടങ്ങിയ സ്ഥലങ്ങളിലെ കടകളിലാണ് വിൽപ്പന.ആറ് പേരും വിളവെടുപ്പിന് പുലർച്ചെ അഞ്ചിനെത്തും. കൃഷിപ്പണിയിലുമുണ്ട് ഇതേ സമയനിഷ്ഠ. നിർദേശങ്ങളുമായി കൃഷി ഓഫീസർ റാംമോഹനും ഒപ്പമുണ്ട്.