കണിച്ചാർ പഞ്ചായത്ത് ആര് ഭരിക്കും ; നാളെ അറിയാം

കൊളക്കാട് : കണിച്ചാർ പഞ്ചായത്ത് ഭരണം എൽ. ഡി. എഫ് നിലനിർത്തുമോ, അതല്ല യു. ഡി. എഫ് തിരിച്ചു പിടിക്കുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പഞ്ചായത്തിലെ ചെങ്ങോം വാര്‍ഡില്‍ ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 76.4% പോളിംഗ് നടന്നുവെന്നാണ് പ്രാഥമിക കണക്കുകൾ. 1162 വോട്ടര്‍മാരില്‍ 888 പേര്‍ ഓടപ്പുഴ ഗവ. എല്‍.പി. സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തി. എല്‍. ഡി. എഫിലെ രതീഷ് പൊരുന്നന്‍, യു.ഡി .എഫിലെ സിന്ധു ചിറ്റേരി, എന്‍.ഡി.എയുടെ സിന്ധു പവി എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. കോൺഗ്രസ് റിബൽ പി.സി.റിനീഷ്, അപര സ്ഥാനാർഥി സിന്ധു എന്നിവരും മത്സര രംഗത്തുണ്ട്. എല്‍.ഡി.എഫിന് ഏഴും യു. ഡി. എഫിന് ആറും അംഗങ്ങളാണ് ഉണ്ടായിരുന്നത് . സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് എല്‍.ഡി. എഫ് അംഗം വി.കെ.ശ്രീകുമാര്‍ രാജിവെച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ വാര്‍ഡിലെ വിജയം ഇരു മുന്നണിക്കും നിര്‍ണായകമാണ്. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10ന് തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി.സ്‌കൂളില്‍ നടക്കും.എൽ. ഡി. എഫ് വിജയിച്ചാൽ പഞ്ചായത്ത് ഭരണം ആന്റണി സെബാസ്റ്റ്യന് നിലനിർത്താം. മറിച്ചാണെങ്കിൽ നഷ്ടപ്പെട്ട ഭരണം യു.ഡി.എഫിനൊപ്പമാവും. 11 മണിയോടെ ഫലം അറിയാനാവും.