മാടായി കോളേജ് നിയമനം; കോഴവാങ്ങിയെന്ന ആരോപണവുമായി ഉദ്യോഗാർത്ഥി

കണ്ണൂർ :മാടായി കോളേജ് നിയമനം സുതാര്യമെന്ന എം.കെ രാഘവൻ എംപിയുടെ വാദം നിഷേധിച്ച് ഉദ്യോഗാർത്ഥിയായിരുന്ന ടി.വി നിധീഷ്. പണം വാങ്ങിയാണ് കോളേജിൽ നിയമനം നടന്നതെന്നും ഇന്റർവ്യൂവിന് 10 ലക്ഷം രൂപയും ജോലികിട്ടിയ ശേഷം അഞ്ച് ലക്ഷം രൂപയും വാങ്ങിയാണ് മാടായി കോളേജിൽ നിയമനം എന്നും ഉദ്യോഗാർത്ഥി ടി.വി നിധീഷ് ആരോപിച്ചു.മാടായി കോളേജിൽ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് മൂന്നും (ഭിന്നശേഷി വിഭാഗം) കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് (ഓപ്പൺ മെറിറ്റ്) ഒരൊഴിവും ഉണ്ടെന്ന് കാണിച്ച് 2024 ജൂലൈ 31നാണ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്. 2024 ഡിസംബർ ഏഴിന് ഇന്റർവ്യൂവും നടന്നു. ഈ തസ്തികകളിലേക്ക് എം.കെ രാഘവന്റെ ബന്ധു എം.കെ ധനേഷ് ഉൾപ്പടെ മൂന്ന് സി.പി.എം പ്രവർത്തകരെ നിയമിക്കാൻ ഉള്ള നീക്കം നടക്കുന്നതായി അറിഞ്ഞിരുന്നെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന സർക്കാർ പ്രതിനിധിക്ക് അന്ന് തന്നെ പരാതി നൽകിയിരുന്നു എന്നും നിധീഷ് പറഞ്ഞു.
പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായതിനാൽ തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് മുമ്പ് കോളേജിൽ എത്തി ഇവർ ജോലിക്ക് കയറിയെന്നും നിധീഷ് ആരോപിച്ചു. നാല് തസ്തികകളിലേക്കും സ്ഥിര നിയമനമാണ് നടന്നതെന്നും സൊസൈറ്റിയുടെ വൈസ് ചെയർമാൻ മുഖേന പണം ഇടപാടുകൾ നടന്നതായാണ് സംശയം എന്നുമാണ് നിധീഷിന്റെ ആരോപണം. കോഴവാങ്ങി സിപിഎം പ്രവർത്തകരെ നിയമിക്കാൻ നീക്കം നടക്കുന്നു എന്ന് കാണിച്ച് പരാതി കിട്ടിയിരുന്നു എന്നും ഇക്കാര്യം കോളേജ് ചെയർമാനായ എം.കെ രാഘവനുമായി സംസാരിച്ചിരുന്നു എന്നും കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. കെപിസിസിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്. മാടായി കോളേജ് നിയമന വിവാദത്തിൽ കണ്ണൂർ ഡിസിസി എം.കെ രാഘവനെതിരെ തുറന്ന പോരിലേക്കാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. പ്രവർത്തകരുടെ വികാരം കണക്കിലെടുക്കാതെയുള്ള നീക്കത്തിൽ അതൃപ്തിയിലാണ് കണ്ണൂരിലെ കോൺഗ്രസ്. ഇതിന്റെ സൂചനയാണ് എം.കെ രാഘവനൊപ്പമുള്ള പാർട്ടി നേതാക്കളായ ഭരണസമിതി അംഗങ്ങൾക്കെതിരെ ഡി.സി.സി നടപടി എടുത്തതെന്നും സൂചനയുണ്ട്.
അതേ സമയം നിയമനം റദ്ദാക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് നടപടി നേരിട്ട കോൺഗ്രസ് പ്രതിഷേധകരുടെ തീരുമാനം. ഇന്ന് എം കെ രാഘവന്റെ കണ്ണൂരിലെ വീട് ഉൾപ്പെടുന്ന കുഞ്ഞിമംഗംലം മണ്ഡലത്തിലെ പന്ത്രണ്ടാം വാർഡ് പ്രദേശത്ത് പ്രതിഷേധം നടത്തും . പ്രതിഷേധം കോഴിക്കോട്ടേക്ക് വ്യാപിക്കുന്നതിലുൾപ്പടെ ഇന്ന് തീരുമാനം എടുക്കുമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടപടി നേരിട്ട കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.