മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ച സംഭവം: അയൽവാസി അറസ്റ്റിൽ

Share our post

പുൽപ്പള്ളി: മധ്യവയസ്‌കൻ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. മാരപ്പന്മൂല അയ്യനാംപറമ്പിൽ ജോൺ(56)ന്റെ മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ വെള്ളിലാംതൊടുകയിൽ ലിജോ എബ്രഹാം (42) ആണ് അറസ്റ്റിലായത്. ഞായറാഴ്ച‌ വൈകുന്നേരം പോക്കിരിമുക്ക് കവലയിൽ നാട്ടുകാരുടെ മുന്നിൽ വെച്ച് ലിജോ ജോണിനെ മർദിച്ചതായും, വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. സംഭവശേഷം വീട്ടിൽ തിരിച്ചെത്തിയ ജോൺ രാത്രിയോടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ജോണിൻ്റെ മരണത്തെ തുടർന്ന് നാട്ടുകാർ വലിയ പ്രതിഷേധമുയർത്തിയതോടെ ലിജോയെ രാത്രിതന്നെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജോണിന്റെ നെഞ്ചിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. ഹൃദയാഘാതംമൂലമാണ് ജോൺ മരിച്ചതെന്നും മർദനമേറ്റതിലുള്ള മാനസിക വിഷമവും ഇതിന് കാരണമായിട്ടുണ്ടാവാമെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ട‌റുടെ മൊഴിലഭിച്ച ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ലിജോയെ കേസിൽ പ്രതിചേർത്ത്, അറസ്റ്റ് രേഖപ്പെടുത്തിയത്. മനപ്പൂർവമല്ലാത്ത നരഹത്യയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ജോണിൻ്റെ സംസ്കാരം ഇന്ന് 2ന് മരകാവ് സെൻ്റ് തോമസ് പള്ളിയിൽ നടക്കും. ഭാര്യ: റീജ. മക്കൾ: സച്ചിൻ, ഷെബിൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!