വരൂ, കാണാം… ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമായ അകംതുരുത്തിനെ

ഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ ഒന്നൊന്നായി പ്രയോജനപ്പെടുത്താൻ തുടക്കംകുറിച്ചതോടെ അകം തുരുത്ത് ദ്വീപും പ്രതീക്ഷയിൽ. കൈയേറ്റമില്ലാത പച്ചത്തുരുത്തായി തലയുയർത്തി നിൽക്കുന്ന ഈ ദ്വീപ് വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. അനാഥമായിക്കിടക്കുന്ന തുരുത്തിനെ പ്രയോജനപ്പെടുത്താനുള്ള നടപടികളും പ്രവർത്തനങ്ങളുമാണ് ഇനി ഉണ്ടാകേണ്ടത്.
വേനക്കാലത്ത് കുടിവെള്ളത്തിനായി പഴശ്ശിയുടെ ഷട്ടർ അടച്ചാൽ നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട അകംതുരത്ത് പ്രകൃതിദത്തമായ പച്ചപ്പിന്റെ ശീതളച്ഛായയാണ് പകർന്നുനൽകുന്നത്. ഇരിട്ടി നഗരത്തിൽനിന്ന് രണ്ടുകിലോമീറ്റർ അകലെ ഇരിട്ടി-എടക്കാനം-പഴശ്ശി പദ്ധതി റോഡിൽ വള്ളിയാടിനും ഇരിട്ടി-തളിപ്പറമ്പ് റോഡിൽ പെരുവംപറമ്പിനും ഇടയിൽ വളപട്ടണം പുഴയുടെ ഭാഗമായ ബാവലിപ്പുഴയിലാണ് അകംതുരത്ത്. പഴശ്ശി ജലസേചനവകുപ്പിന് കീഴിൽ പദ്ധതിക്കായി അക്വയർ ചെയ്ത 15 ഏക്കറോളം വരുന്ന ഭൂമി ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ്. സസ്യസമ്പത്തിനൊപ്പം ദേശാടനക്കിളികളടക്കമുള്ള പക്ഷികളുടെയും ആയിരക്കണക്കിന് വവ്വാലുകളുടെയും ആവാസകേന്ദ്രം കൂടിയാണ്. പഴശ്ശി പദ്ധതിയും പെരുമ്പറമ്പ് ഇക്കോ പാർക്കും പടിയൂർ ഇക്കോ ടൂറിസം പദ്ധതിയും വള്ള്യാട്ടെ നഗരവനം പദ്ധതിയും യാഥാർഥ്യമായതോടെ അകംതുരുത്ത് ദ്വീപിന് വലിയ സാധ്യതയാണ് കൈവന്നിരിക്കുന്നത്.
നൂറുകണക്കിന് തെങ്ങിൻതോപ്പുകളുള്ള പ്രദേശം പത്തുവർഷം മുൻപുവരെ പഴശ്ശി ജലസേചന വിഭാഗത്തിന് നല്ലൊരു വരുമാനമേഖലകൂടിയായിരുന്നു. ആരും ശ്രദ്ധിക്കാതായതോടെ തെങ്ങുകളെല്ലാം നശിച്ചു. കൂറ്റൻ മരങ്ങൾ ഇടതൂർന്ന് നില്ക്കുന്ന പ്രദേശം പക്ഷി-ജന്തുജീവജാലങ്ങൾക്കും സുരക്ഷിത താവളമാണ്.
നടക്കാതെ പോയ ടൂറിസം സാധ്യതകൾ
കെ.പി. നൂറുദ്ദീൻ വനം മന്ത്രിയായിരുന്നപ്പോൾ ഇവിടെ ഇക്കോ ടൂറിസം പദ്ധതി കൊണ്ടുവരുന്നതിന് ശ്രമം തുടങ്ങിയിരുന്നു. പിന്നീട് കെ.കെ. ശൈലജ എം.എൽ.എ. ആയപ്പോഴും പദ്ധതി പരിഗണനയിലുണ്ടായിരുന്നെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ദ്വീപിനെ ടൂറിസം ഭൂപടത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ ഹരിത കേരള മിഷനും നടത്തിയെങ്കിലും പച്ചതൊട്ടിട്ടില്ല. പച്ചപ്പും കുളിരും നഷ്ടപ്പെടാതെ ദ്വീപിനെ പുറംലോകത്തിന് തനത് രീതിയിൽ പരിചയപ്പെടുത്താനുള്ള പദ്ധതിയാണ് ഉണ്ടാകേണ്ടത്. ദ്വീപിന് ചുറ്റുമുള്ള പച്ചമുളക്കൂട്ടങ്ങളും വടവൃക്ഷങ്ങളും അപൂർവയിനം സസ്യസമ്പത്തും സംരക്ഷിച്ചുക്കൊണ്ട് പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ ദ്വീപിലേക്ക് നടപ്പാലവും നടവഴിയും ഒരുക്കി പ്രകൃതിനിരീക്ഷകർക്കും വിദ്യാർഥികൾക്കും പഠനത്തിനും കാഴ്ചയ്ക്കുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള നടപടികളാണ് വേണ്ടത്.