വ്യാഴത്തെ കാണാം മിഴിവോടെ

പയ്യന്നൂർ: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യഴം ഭൂമിയുമായി എതിർദിശയിൽ വരുന്നു. അതിനാൽ 13 വരെ വ്യാഴത്തെ കൂടുതൽ തിളക്കത്തിൽ ആകാശത്തുകാണാം. ഭൂമിയുടെ ഒരു വശത്ത് സൂര്യനും മറുവശത്ത് വ്യാഴവും ഒരേ രേഖയിൽ നേർക്കുനേർ വരുന്ന പ്രതിഭാസമാണിത്. ഞായർമുതൽ സൂര്യാസ്തമയ സമയത്തുതന്നെ വ്യാഴം നേർകിഴക്ക് ഉദിക്കും. ഇടവം നക്ഷത്രഗണത്തിൽ രോഹിണിയിലാണ് വ്യാഴത്തിന്റെ സ്ഥാനം. പുലരുംവരെ വ്യാഴം ആകാശത്തുണ്ടാകും. രാവിലെ സൂര്യോദയ സമയത്ത് വ്യാഴം പടിഞ്ഞാറ് അസ്തമിക്കും. മാർച്ച് മാസംവരെ വ്യാഴം സന്ധ്യാകാശത്തു തന്നെയുണ്ടാകും.മറ്റ് ദൃശ്യ ഗ്രഹങ്ങളായ ചൊവ്വ, ശനി, ശുക്രൻ എന്നിവയും ഇനിമുതൽ സന്ധ്യാകാശത്ത് കാണാം. വ്യാഴത്തിന്റെ തൊട്ടുകിഴക്ക് കർക്കടക രാശിയിൽ ചൊവ്വയെ കാണാം. അസ്തമയ സമയത്ത് പടിഞ്ഞാറൻ ചക്രവാളത്തിൽ നല്ല പ്രഭയിൽ ശുക്രനുണ്ടാകും.ഞായർ ആകാശത്തിന്റെ പടിഞ്ഞാറുഭാഗത്ത് ചന്ദ്രനും ശനിയും വളരെ അടുത്തടുത്തായി നിൽക്കുന്നതും കാണാം. ഗ്രഹങ്ങളെ ടെലിസ്കോപ്പിലൂടെ നിരീക്ഷിക്കുന്നതിന് 10ന് പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രത്തിൽ (ആസ്ട്രോ) സൗകര്യം ഒരുക്കുമെന്ന് ഡയറക്ടർ ഗംഗാധരൻ വെള്ളൂർ പറഞ്ഞു.