കെ.എസ്.ആർ.ടി.സിയിലും സോളാർ വെളിച്ചം

തിരുവനന്തപുരം:സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി കണ്ടെത്താൻ കെ.എസ്.ആർ.ടി.സി. 43 ഡിപ്പോയിൽ പാനൽ സ്ഥാപിക്കും. എം.എൽ.എ ഫണ്ടും മറ്റ് ഫണ്ടുകളും ഇതിനായി തേടും. തിരുവനന്തപുരം ആനയറയിലെ സ്വിഫ്‌റ്റ് ആസ്ഥാനത്ത് പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.കുറഞ്ഞത് 850 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടങ്ങളുള്ള ഡിപ്പോകളിലാണ് സോളാർ പാനൽ സ്ഥാപിക്കുക. കിഴക്കേകോട്ടയിലെ ചീഫ് ഓഫീസ് (1–00 കിലോ വാട്ട്), സിറ്റി ഡിപ്പോ (5 കിലോ വാട്ട്), കാട്ടാക്കട ഡിപ്പോ (70 കിലോ വാട്ട്) എന്നിവിടങ്ങളിൽ സോളാർ പാനൽ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങി. കാട്ടാക്കടയിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കിയത്. മറ്റിടങ്ങളിൽ സ്‌മാർട്ട്‌സിറ്റി പ്രോജക്ടിലൂടെ പണം കണ്ടെത്തി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോ, പാപ്പനംകോട് സെൻട്രൽ വർക്‌സ്, പാപ്പനംകോട് ഡിപ്പോ, പാപ്പനംകോട് ഗാരേജ് എന്നിവിടങ്ങളിലും സ്‌മാർട്ട്സിറ്റി വഴി പാനൽ സ്ഥാപിച്ചു.വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ഒന്നരമാസം മുമ്പ് കെഎസ്‌ആർടിസിക്ക് മന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് വൈദ്യുതി ഉപയോഗം ഗണ്യമായി കുറഞ്ഞു.