അംഗപരിമിതര്‍ക്കുള്ള യാത്രാകാര്‍ഡ് റെയില്‍വേ ഓണ്‍ലൈനായി നല്‍കും; അപേക്ഷിക്കേണ്ടത് ഇങ്ങനെ

കോട്ടയം: അംഗപരിമിതര്‍ക്ക് യാത്രാകണ്‍സഷനുള്ള തിരിച്ചറിയല്‍ കാര്‍ഡ് റെയില്‍വേ ഓണ്‍ലൈനില്‍ നല്‍കും. ഓണ്‍ലൈനായിത്തന്നെ ഇതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാനും സൗകര്യമൊരുക്കി. ഇത്രയുംനാള്‍ ഈ കാര്‍ഡിന് സ്റ്റേഷനുകളില്‍ പോകണമായിരുന്നു. റിസര്‍വേഷനുള്ള ക്യൂവിലാണ്, കാര്‍ഡ് പുതുക്കാനും നേടാനും അംഗപരിമിതവര് ഇതേവരെ കാത്തുനിന്നിരുന്നത്.
ഓണ്‍ലൈനായി കാര്‍ഡുകള്‍ പുതുക്കാനും കഴിയും. അംഗപരിമിതര്‍, രേഖകളുടെ സ്കാന്‍ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്ത് അംഗീകാരം ലഭിച്ചാല്‍, ഡിജിറ്റല്‍ ഐ.ഡി. കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതുപയോഗിച്ച് ടിക്കറ്റുകള്‍, കൗണ്ടറുകളിലോ ഐ.ആര്.സി.ടി.സി. വെബ്സൈറ്റിലോ ആപ്പുവഴിയോ ബുക്കുചെയ്യാം.
ടിക്കറ്റിന് കണ്സഷന് കിട്ടുന്നത് ഇവര്‍ക്കാണ്
*പൂര്‍ണമായി കാഴ്ചപരിമിതിയുള്ളവര്‍.
* സഹായി ആവശ്യമായ മാനസികവെല്ലുവിളി നേരിടുന്നവര്‍
* പൂര്‍ണമായി കേള്‍വി-സംസാരപരിമിതിയുള്ളവര്.
* സഹായി ആവശ്യമുള്ള അസ്ഥിരോഗം/പക്ഷാഘാതം വന്നവര്‍.
കണ്‍സഷനുവേണ്ടി ആദ്യമായി അപേക്ഷിക്കുകയാണെങ്കില്‍ ഔദ്യോഗിക വെബ്സൈറ്റ് https://divyangjanid.indianrail.gov.in. സന്ദര്‍ശിച്ച് പുതിയ ഉപയോക്താവായി രജിസ്റ്റര്‍ചെയ്യണം.
കണ്സഷന് സര്‍ട്ടിഫിക്കറ്റ് നല്കുന്ന ആശുപത്രി നിലനില്‍ക്കുന്ന സംസ്ഥാനവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനും അടക്കമുള്ള വിശദാംശങ്ങള്‍ കൃത്യമായി നല്‍കണം. നിര്‍ദേശങ്ങള്‍ക്കായി, ഒരു ഉപയോക്തൃമാനുവല് വെബ്സൈറ്റിലുണ്ട്.
സര്‍ക്കാര്‍ അംഗീകൃത ആശുപത്രി നല്കുന്ന ഭിന്നശേഷി, കണ്സഷന് സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവയാണ് അപേക്ഷയ്ക്ക് ആവശ്യമായ രേഖകള്‍.
ഉപയോക്താക്കള്‍ക്ക് https://pgportal.gov.in വഴിയോ പ്രൊഫൈലിലെ ഫീഡ്ബാക്ക് സംവിധാനംവഴിയോ പരാതികള്‍ സമര്‍പ്പിക്കാം.