ജില്ലയിൽ 87 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു

കണ്ണൂർ: ജില്ലയിൽ അതിദരിദ്ര വിഭാഗത്തിനുള്ള മൈക്രോപ്ലാൻ തയ്യാറാക്കിയതിൽ ഉൾപ്പെട്ട 3973 കുടുംബങ്ങളിൽ 3437 കുടുംബങ്ങളെ (87%) അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു. ഓരോ കുടുംബത്തിനും അതിജീവനത്തിനുള്ള ‘മൈക്രോപ്ലാൻ’ തയ്യാറാക്കി ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോവുന്നത്. ജില്ലയിൽ സർവ്വേ പ്രകാരം കണ്ടെത്തിയ ആകെ അതിദിരിദ്ര കുടുംബങ്ങളുടെ എണ്ണം 4208 ആണ്. കുടുംബാംഗങ്ങളുടെ എണ്ണം 7581. ഇതിൽ ഇനി 235 കുടുംബങ്ങൾക്ക് മൈക്രോ പ്ലാൻ തയ്യാറാക്കാനുണ്ട്.ഗ്രാമപഞ്ചായത്ത് തലത്തിൽ 3359, നഗരസഭ തലത്തിൽ 762, കോർപറേഷനിൽ 87 എന്നിങ്ങനെയാണ്അതിദരിദ്രരുടെ എണ്ണം. വീട് ക്ലേശഘടകം മൈക്രോപ്ലാനിൽ സ്ഥലം ഉള്ളവർക്ക് വീട് ലഭ്യമാക്കൽ, സ്ഥലവും വീടും ലഭ്യമാക്കൽ, വീട് അറ്റകുറ്റപണി, കക്കൂസ് നിർമ്മാണം, കുടിവെള്ളം ലഭ്യമാക്കൽ, വൈദ്യുതീകരണം,
സ്ഥിരമായി ഷെൽട്ടർ ഹോമിലേക്ക് മാറ്റൽ, താൽക്കാലികമായി ഷെൽട്ടർ ഹോമിലേക്ക് മാറ്റൽ എന്നിവ പൂർത്തീകരിച്ചുവരികയാണ്.ഭക്ഷണം, ആരോഗ്യം, വരുമാനം, വീട് എന്നീ ക്ലേശഘടകങ്ങൾ പൂർത്തീകരിച്ച് അതിദാരിദ്ര്യ നിർമ്മാർജനം എന്ന ലക്ഷ്യത്തിലേക്ക് ജില്ല നീങ്ങുകയാണെന്ന് യോഗാധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ കെ രത്‌നകുമാരി പറഞ്ഞു.