മഴവന്നാൽ ചോരുന്ന കോച്ചുകൾ, ട്രെയിനിൽ നിറയുന്ന മാലിന്യം ; ദുരിതയാത്ര ‘സമ്മാനിച്ച്‌’ ജനശതാബ്ദി

Share our post

തിരുവനന്തപുരം:ആയിരക്കണക്കിന്‌ യാത്രക്കാർ ആശ്രയിക്കുന്ന ജനശതാബ്ദി എക്‌സ്‌പ്രസിലെ യാത്രാദുരിതം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവനന്തപുരം –- കോഴിക്കോട്‌ ജനശതാബ്ദിക്കെതിരെയാണ്‌ വ്യാപകപരാതി. മഴവന്നാൽ ചോരുന്ന കോച്ചുകൾ, ട്രെയിനിൽ നിറയുന്ന മാലിന്യം, വൃത്തിയില്ലാത്തതും പലപ്പോഴും വെള്ളം ലഭിക്കാത്തതുമായ ടോയ്‌ലറ്റുകൾ, വന്ദേഭാരതിനുവേണ്ടി പിടിച്ചിട്ട്‌ വൈകുന്നത്‌ പതിവ്‌ തുടങ്ങി നിരവധി പരാതികളാണ്‌ ഉയരുന്നത്‌. ജനശതാബ്ദി ചോർച്ചയുടെ ചിത്രം ഡോ. ടി എം തോമസ്‌ ഐസക്‌ പങ്കുവച്ചത്‌ വൈറൽ ആയിരുന്നു.

രാജ്യത്ത്‌ ടിക്കറ്റെടുത്ത്‌ യാത്രചെയ്യുന്ന ഏറ്റവും കൂടുതൽ പേരുള്ളതും റെയിൽവെക്ക്‌ കൂടുതൽ വരുമാനം നൽകുന്നതുമായ സംസ്ഥാനത്താണ്‌ ഈ ഗതി. ജനശതാബ്ദി ശ്രേണിയിൽ തന്നെ ഏറ്റവും പഴക്കമേറിയ വണ്ടിയാണ്‌ കോഴിക്കോട്‌ സർവീസ്‌ നടത്തുന്നത്‌. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും പരമാവധി ഓടിയ കോച്ചുകളാണ്‌ ഇവയിൽ അധികവുമുള്ളത്‌. ഫുട്‌ റെസ്‌റ്റുകൾ ഇല്ലാത്ത സീറ്റുകളാണ്‌ ഭൂരിപക്ഷവും. എസി കോച്ചിന്റെ വാതിലുകൾ പോലും പഴകി ദ്രവിച്ചതിനാൽ തുറക്കാനും അടയ്‌ക്കാനും യാത്രക്കാർ പാടുപെടുന്നു. മഴപെയ്‌താൽ മുകളിൽ നിന്നും വശങ്ങളിൽ നിന്നും വെള്ളമൊഴുകി കോച്ചിനകം വൃത്തികേടാകുന്നതും സ്ഥിരംകാഴ്‌ച.

കോഴിക്കോട്ടുനിന്ന്‌ മടങ്ങുന്ന ട്രെയിൻ വൈകുന്നതും പതിവായി. എറണാകുളം വരെ സമയം പാലിക്കുന്ന വണ്ടി തുടർന്ന്‌ പലദിവസങ്ങളിലും വൈകുന്നു. രാത്രി പതിനൊന്നിനുശേഷം എത്തിയ ദിവസങ്ങളുണ്ടായിട്ടുണ്ട്‌. കൊല്ലം എത്തുന്നതിനുമുമ്പ്‌ രണ്ടും മൂന്നും പ്രാവശ്യം പിടിച്ചിടുന്ന സ്ഥിതിയും ഉണ്ടാകുന്നു. വന്ദേഭാരതിന്‌ വഴിയൊരുക്കാനാണ്‌ പലപ്പോഴും പിടിച്ചിടുന്നത്‌. റിസർവേഷൻ പാളുന്നത്‌ സംബന്ധിച്ച പരാതിയും യാത്രക്കാർ ഉയർത്തുന്നുണ്ട്‌. ബുക്ക്‌ ചെയ്ത സീറ്റ്‌ കിട്ടാത്തതായി കണ്ണൂർ ജനശതാബ്ദിയെ കുറിച്ചാണ്‌ ആക്ഷേപം ഉയർന്നത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!