കേരളത്തിലെ ആദ്യ സ്‌മാർട്ട്‌ ഗ്യാലറി കോഴിക്കോട്ട്‌ ഒരുങ്ങി

Share our post

കോഴിക്കോട്‌: സ്കൂൾ കുട്ടികൾ വരയ്‌ക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കോഴിക്കോട്ടെ സർക്കാർ വിദ്യാലയത്തിൽ സ്‌മാർട്ട്‌ ആർട്ട്‌ ഗ്യാലറി ഒരുങ്ങി. സർക്കാർ സ്‌കൂളുകൾ കേന്ദ്രീകരിച്ച്‌ കേരള ലളിതകലാ അക്കാദമി നടപ്പാക്കുന്ന ആദ്യത്തെ സ്‌കൂൾ സ്‌മാർട്ട്‌ ആർട്ട്‌ ഗ്യാലറിയാണ്‌ കാരപ്പറമ്പ്‌ ഹയർ സെക്കൻഡറി സ്‌കൂളിലൊരുങ്ങിയത്‌. ഗ്യാലറി ശനിയാഴ്‌ച നാടിന്‌ സമർപ്പിക്കും. വിദ്യാർഥികൾക്ക് കലാസാഹിത്യ സാംസ്കാരിക രാഷ്ട്രീയ ചരിത്ര അറിവ് പകർന്നുനൽകുന്ന സ്ഥിരം പ്രദർശനത്തോടൊപ്പം ജില്ലയിലെ എല്ലാ സ്കൂളുകളിലെയും കുട്ടികൾക്ക്‌ യഥേഷ്ടം ചിത്രപ്രദർശനങ്ങൾ നടത്താവുന്ന രീതിയിലാണ് ഗ്യാലറിയുടെ സജ്ജീകരണം. ക്ലാസ് മുറിയിൽ ആധുനിക സാങ്കേതിക സംവിധാനങ്ങളായ ഫാൾസ് വാൾ, ട്രാക്ക് ലൈറ്റ്, ഓഡിയോ, വീഡിയോ എക്സിബിറ്റ്സ് എന്നിവ ഉൾപ്പെടുത്തിയാണ് ഗ്യാലറി ഒരുക്കിയിട്ടുള്ളത്‌.

ഗ്യാലറിയുടെ സംരക്ഷണം സ്‌കൂൾ അധികൃതർക്കാണ്‌. ആവശ്യമായ നിർദേശങ്ങൾ കോഴിക്കോട്‌ ലളിതകലാ അക്കാദമി ആർട്ട്‌ ഗ്യാലറിയിലുള്ളവർ നൽകും.വർഷങ്ങൾക്കുമുമ്പ്‌ തൊണ്ണൂറിൽ താഴെ കുട്ടികളുമായി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കാരപ്പറമ്പ്‌ സ്‌കൂൾ ഇന്ന്‌ കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്കാകെ മാതൃകയാണ്‌. അന്താരാഷ്‌ട്ര സ്‌കൂളുകളോട്‌ കിടപിടിക്കുന്ന ആദ്യഹരിത ക്യാമ്പസ്‌ സ്‌കൂളിലാണ്‌ ആദ്യത്തെ സ്‌മാർട്ട്‌ ഗ്യാലറിയും ഒരുങ്ങുന്നത്‌.ഓരോ ജില്ലയിലെയും ഒരു സ്കൂളിൽ ആർട്ട് ഗ്യാലറി നിർമിക്കുകയാണ്‌ കേരള ലളിതകലാ അക്കാദമിയുടെ ലക്ഷ്യം. ഇതിന്റെ ഒന്നാംഘട്ടമെന്ന നിലയിലാണ്‌ കാരപ്പറമ്പ് സ്കൂളിൽ ഗ്യാലറി നിർമിച്ചത്‌. കോഴിക്കോട്ടെ പ്രശസ്ത വ്യക്തികളുടെ പോർട്രെയ്‌റ്റുകൾ, പല കാലങ്ങളിലായി കോഴിക്കോട്ടെത്തിച്ചേർന്ന വിവിധ വിഭാഗങ്ങളെക്കുറിച്ചുള്ള വിവരണം, ദേശചരിത്രം അടിസ്ഥാനമാക്കിയുള്ള മ്യൂറൽ എന്നിവ സ്ഥിരം പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ടെന്ന്‌ ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളീകൃഷ്‌ണൻ പറഞ്ഞു. അടുത്തതായി ആലപ്പുഴ ജില്ലയിലെ കലവൂർ സ്‌കൂളിലാണ്‌ സ്‌മാർട്ട്‌ ഗ്യാലറിയൊരുങ്ങുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!