ഇ-പാസ്: ടൂറിസ്റ്റുകളുടെ കുറവിൽ വലഞ്ഞ് ഊട്ടിയിലെ വ്യാപാരികൾ

Share our post

മഞ്ചേരി: സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് തമിഴ്‌നാട് സർക്കാർ നീലഗിരി ജില്ലാ പ്രവേശനത്തിന് ഏർപ്പെടുത്തിയ ഇ-പാസ് ഊട്ടിയിലെ ടൂറിസത്തെ പ്രതികൂലമായി ബാധിച്ചതായി ഊട്ടിയിലെ വ്യാപാരികൾ. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മേയ് ഏഴ് മുതൽ ഊട്ടിയിലേക്കുള്ള സഞ്ചാരികൾക്ക് തമിഴ്‌നാട് സർക്കാർ ഇ-പാസ് നിർബന്ധമാക്കിയത്.നീലഗിരി ജില്ലയുടെ പ്രവേശന കവാടങ്ങളിലെല്ലാം ഇ-പാസ് പരിശോധനയുണ്ട്. ഇ-പാസില്ലാതെ വരുന്ന യാത്രക്കാർക്ക് നീലഗിരി അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ജീവനക്കാർ ഓൺ ലൈൻ വഴി പാസ് എടുത്തുനൽകുകയാണ് ചെയ്യുന്നത്. അവധി ദിവസങ്ങളിൽ അതിർത്തിയിൽ വാഹനത്തിരക്കേറെയാണ്. വഴിയിൽ കെട്ടിക്കിടക്കേണ്ടി വരുന്നതിനാൽ ഊട്ടിയിലേക്കുള്ള പല ടൂറിസ്റ്റുകളും മൈസൂർ, മുതുമല, ബന്ദിപ്പൂർ എന്നിവിടങ്ങളിലെ വിനോദസഞ്ചാര മേഖലകളിലേക്ക് റൂട്ട് മാറ്റുകയാണ്.

ഇത് ഊട്ടി കേന്ദ്രീകരിച്ചുള്ള വ്യാപാരമേഖലയെ കാര്യമായി ബാധിച്ചതായി ഊട്ടിയിൽ 40 വർഷത്തോളമായി ഹോട്ടൽ ബിസിനസ് ചെയ്തുവരുന്ന മലയാളി അസോസിയേഷൻ പ്രസിഡന്റ് നിത്യസത്യൻ പറഞ്ഞു.ലോഡ്ജുകൾ, ടൂറിസ്റ്റ് ഹോമുകൾ, ക്വാർട്ടേഴ്സുകൾ, ടാക്സിഓട്ടോ, ടൂറിസം ഗൈഡ്, ട്രാവൽസ് തുടങ്ങിയ മേഖലകളെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.സൗത്ത്ഇന്ത്യയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ ഊട്ടിയിൽ വർഷത്തിൽ 35 ലക്ഷത്തോളം സഞ്ചാരികളാണ് സന്ദർശകരായെത്തിയിരുന്നത്. ഇ-പാസ് നിർബന്ധമാക്കിയതോടെ 15 ലക്ഷത്തോളമായി ചുരുങ്ങി. പ്രതിസന്ധി രൂക്ഷമായതോടെ വ്യാപാരിസംഘടനകളും മറ്റു മേഖലകളിലുള്ളവരും സംയുക്തമായി മുഖ്യമന്ത്രിയെ കണ്ട് ഇ-പാസ് സംവിധാനം ഒഴിവാക്കികിട്ടാനുള്ള ശ്രമത്തിലാണ്. വിഷയത്തിൽ കോടതി ഇടപ്പെട്ടതിനാൽ സർക്കാരിന് എത്രകണ്ട് ഇടപ്പെടൽ നടത്താനാവുമെന്ന് നിശ്ചയമില്ല.

വാഹനങ്ങളുടെ ആധിക്യമുണ്ടെങ്കിൽ പശ്താത്തല സൗകര്യം വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്നാണ് വ്യാപാരികളുടെ പക്ഷം. റോഡുകളും പാർക്കിംഗ് സൗകര്യങ്ങളും ഉൾപ്പടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തി ഗതാഗത തടസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രിക്ക് നൽകാനുള്ള നിവേദനത്തിൽ വ്യാപാരി സംഘടനകൾ ചൂണ്ടികാണിക്കുന്നത്.ഇ-പാസ് ഏർപ്പെടുത്തിയതോടെ സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം 60 ശതമാനം സഞ്ചാരികളുടെ കുറവുണ്ടായിട്ടുണ്ട്. ടൂറിസം മേഖല മാത്രമല്ല,​ അനുബന്ധ മേഖലകളും പ്രതിസന്ധിയിലാണ്. മതിയായ സൗകര്യങ്ങളൊരുക്കി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.നിത്യസത്യൻമലയാളി അസോസിയേഷൻ പ്രസിഡന്റ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!