ഇത് ഇരിട്ടി പൊലീസ്: അപകടത്തിൽ മരിച്ചയാളുടെ ഇൻക്വസ്റ്റ് എട്ട് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി

Share our post

ഇരിട്ടി : പൊലീസിന്റെ പതിവു നടപടിക്രമം അനുസരിച്ചാണെങ്കിൽ ഇരിട്ടിയിൽ നിന്നു ചെന്നൈയിലെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ രണ്ടു ദിവസമെടുക്കും. എന്നാൽ, അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി എസ്.ഗൗതമിന്റെ ഇൻക്വസ്റ്റ് പൂർത്തിയാക്കാനെടുത്തത് 8 മണിക്കൂർ!എല്ലാറ്റിനും നേതൃത്വം നൽകിയത് എസ്എച്ച്ഒ എ.കുട്ടിക്കൃഷ്ണനും എസ്ഐ റെജി സ്കറിയയും. ചെന്നൈയിൽ ഐടി ജീവനക്കാരനായ റെഡ്ഹിൽസിലെ എസ്.ഗൗതം (28) സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരു വഴി കോഴിക്കോട്ടേക്കു തിരിച്ചത് നവംബർ ഒന്നിനാണ്. രണ്ടാം തീയതി ഇരിട്ടി കിളിയന്തറയിൽ ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരുക്കേറ്റ ഗൗതം കണ്ണൂരിലെ ആശുപത്രിയിൽ 28 ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞു. 29നു ചെന്നൈയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി.

ഇന്നലെ രാവിലെ 8.30ന് ഗൗതം മരിച്ചെന്ന വിവരം എസ്എച്ച്ഒ കുട്ടിക്കൃഷ്ണനു ലഭിച്ചു. അപകടം ഇവിടെയായതിനാൽ ഇരിട്ടി പൊലീസ് എത്തി വേണം ഇൻക്വസ്റ്റ് നടത്താൻ. ഇതിനു ശേഷമേ പോസ്റ്റ്മോർട്ടം ചെയ്യൂ. പതിവു ചട്ടപ്രകാരമാണെങ്കിൽ ബന്ധുക്കൾ 2 ദിവസം കാത്തിരിക്കണം. ഒരുമാസം ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലത്തിലൂടെ സഞ്ചരിച്ച മകന്റെ അവസ്ഥ കണ്ട ഷൺമുഖത്തിനും കലാവതിക്കും മൃതദേഹവും വച്ച് കാത്തിരിക്കാനാവുമായിരുന്നില്ല. അതോടെ, പതിവുരീതികൾ മാറ്റിവയ്ക്കാൻ കുട്ടിക്കൃഷ്ണൻ തീരുമാനിച്ചു.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാൻ തുടങ്ങിയ റൈറ്റർ മജീദും നവാസും നടപടി ക്രമങ്ങൾ വേഗം തീർത്തു. തലേന്ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കുപോയ എസ്ഐ റെജി സ്കറിയയെ വിളിച്ചുവരുത്തി.

കണ്ണൂരിൽനിന്നു ചെന്നൈയിലേക്ക് 11.10നു വിമാനമുണ്ടെന്നും ഒരു സീറ്റ് ഒഴിവുണ്ടെന്നും അറിഞ്ഞു. ടിക്കറ്റ് ചാർജ് 3500 രൂപ. ടിക്കറ്റിനുള്ള പണം കുട്ടിക്കൃഷ്ണൻ നൽകി. പകരം വസ്ത്രം പോലും എടുക്കാതെ റെജി സ്കറിയ ചെന്നൈയിലേക്കു തിരിച്ചു. 12.20ന് അവിടെയെത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുമ്പോൾ ‌സമയം വൈകിട്ട് 4.30. പൊലീസിന്റെ നല്ല മനസ്സിനു നന്ദി പറയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഗൗതമിന്റെ ബന്ധുക്കൾ. എന്നാൽ, ഗൗതമിന്റെ അച്ഛൻ ഷൺമുഖം വിങ്ങിപ്പൊട്ടി റെജി സ്കറിയയെ ചേർത്തുപിടിച്ചു. അതിൽ എല്ലാമുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!