ഓൺലൈൻ നിക്ഷേപത്തട്ടിപ്പ് കേസ്:മൂന്ന് പേർ അറസ്റ്റിൽ

കൂത്തുപറമ്പ്: ഓൺലൈൻ നിക്ഷേപത്തട്ടിപ്പ് കേസിൽ 3 പേരെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളിയിലെ അബ്ദുൽ ഗഫൂർ, കുറ്റിക്കാട്ടൂരിലെ അബ്ദുൽ മനാഫ്, തൃശൂർ സ്വദേശി സുനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. കൂത്തുപറമ്പിലെ ആനന്ദം ഹൗസിൽ അഭിനവിന്റെ പരാതിയിലാണ് 3 പേർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തത്. കണ്ണൂർ അഡി.എസ്പി കെ.വി.വേണുഗോപാലന്റെ നിർദേശ പ്രകാരമാണ് പൊലീസ് ഇൻസ്പെക്ടർ കെ.വി.ഹരിക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ വലയിലാക്കിയത്.
അഭിനവിന്റെ വാട്സാപ്പിലേക്ക് ഗ്ലോബൽ ട്രേഡിങ് കമ്പനി എന്ന പേരിൽ നിക്ഷേപം ആവശ്യപ്പെട്ട് സന്ദേശം അയയ്ക്കുകയും അതുവഴി വൻ ലാഭം വാഗ്ദാനം ചെയ്ത് പണം നിക്ഷേപിപ്പിക്കുകയുമായിരുന്നു. ഉയർന്ന ലാഭം പ്രതീക്ഷിച്ച് അഭിനവ് ഐ.സി.ഐ.സി.ഐ ബാങ്കിലുള്ള തന്റെ അക്കൗണ്ടിൽ നിന്ന് ഇവർ നിർദേശിച്ച അക്കൗണ്ടിലേക്ക് കഴിഞ്ഞ ജനുവരിയിൽ 3,45,000 രൂപ അയച്ചുകൊടുത്തു. പിന്നീട് ലാഭമോ പണമോ തിരിച്ചുകിട്ടാതെ വന്നപ്പോഴാണ് പൊലീസിൽ പരാതിയുമായി എത്തിയത്. കെ.രാജേഷ്, പി.എസ്.പ്രശോഭ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.