തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ രാത്രി യാത്രാദുരിതത്തിന് പരിഹാരമായി

ശ്രീകണ്ഠപുരം : തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ രാത്രി യാത്രാദുരിതത്തിന് പരിഹാരമായി കെഎസ്ആർടിസി ബസ് റൂട്ടുകൾ അനുവദിച്ചു. ഒരു ബസ് വൈകിട്ട് 7ന് ഇരിട്ടിയിൽ നിന്ന് പുറപ്പെട്ട് ഇരിക്കൂർ, ശ്രീകണ്ഠപുരം വഴി തളിപ്പറമ്പിൽ എത്തും. രാത്രി 9ന് തളിപ്പറമ്പിൽ നിന്നു ശ്രീകണ്ഠപുരം പയ്യാവൂർ വഴി ചന്ദനക്കാംപാറയിലേക്ക് കെഎസ്ആർടിസി അനുവദിച്ചു. രാവിലെ 5.50ന് ചന്ദനക്കാംപാറയിൽ നിന്നു പയ്യാവൂർ ശ്രീകണ്ഠപുരം തളിപ്പറമ്പ് വഴി കണ്ണൂരിലേക്കും ബസ് റൂട്ട് അനുവദിച്ചു.
തളിപ്പറമ്പ് ശ്രീകണ്ഠപുരം ഇരിട്ടി സംസ്ഥാന പാതയിലെ രാത്രിയാത്രാ ദുരിതം കുറേക്കാലമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന പ്രശ്നമാണ്. സംസ്ഥാന പാതയിൽ 46 കിലോമീറ്റർ ദൂരത്തിനുള്ളിൽ ഒട്ടേറെ ബസ് സ്റ്റോപ്പുകളുണ്ട്. ഇവിടെയുള്ളവർക്കെല്ലാം വൈകിട്ട് 7ന് ഇരിട്ടിയിൽ നിന്ന് പുറപ്പെടുന്ന ബസ് വലിയ ആശ്വാസമാകും. പടിയൂർ, കുയിലൂർ, ഇരിക്കൂർ, പെരുവളത്തുപറമ്പ്, ശ്രീകണ്ഠപുരം, ചെങ്ങളായി, വളക്കൈ, കുറുമാത്തൂർ, ചെറുക്കള, കരിമ്പം എന്നിവിടങ്ങളിലെല്ലാം ധാരാളം യാത്രക്കാർ ഉണ്ടാകാറുണ്ട്.
രാവിലെ പയ്യാവൂരിൽനിന്ന് കണ്ണൂരിൽ എത്തി ട്രെയിൻ യാത്ര നടത്തുന്നവർക്ക് ഏറെ ആശ്വാസമാണ് രാവിലെ 5.50ന് ചന്ദനക്കാംപാറയിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്. രാത്രി വൈകി തളിപ്പറമ്പിൽ എത്തുന്ന ശ്രീകണ്ഠപുരം മേഖലയിലെ യാത്രക്കാർക്ക് ആശ്വാസമായി രാത്രി 9ന് തളിപ്പറമ്പിൽ നിന്ന് ചന്ദനക്കാംപാറയിലേക്കുള്ള ബസ് റൂട്ട് മാറും.