അലക്ഷ്യമായി മാലിന്യം കൂട്ടിയിട്ടതിന് 10000 രൂപ പിഴ ചുമത്തി

കണ്ണൂർ: കോർപ്പറേഷൻ പരിധിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഷോപ്പിങ്ങ് കോംപ്ലക്സിനും വാഹന ഷോറൂമിനും അലക്ഷ്യമായി മാലിന്യം കൂട്ടിയിട്ടതിന് പിഴ ചുമത്തി. തായത്തെരു ഹയാത്ത് ഷോപ്പിങ്ങ് കോംപ്ളക്സിൻ്റെ പിറക് വശത്ത് ഭക്ഷണമാലിന്യം ഉൾപ്പെടെ ജൈവ-അജൈവ മാലിന്യങ്ങൾ ഒരുമിച്ച് കൂട്ടിയിട്ട നിലയിലായിരുന്നു സ്ക്വാഡ് കണ്ടെത്തിയത്. താഴെ ചൊവ്വയിലെ ടാറ്റാ ഇലക്ട്രിക് വാഹന ഷോറൂമിൽ മാലിന്യം തരംതിരിച്ച് സുക്ഷിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല . സ്ഥാപനപരിസരത്ത് പലയിടങ്ങളിലായി ഭക്ഷണമാലിന്യം, പ്ളാസ്റ്റിക് കവറുകൾ,കുടിവെള്ളക്കുപ്പികൾ, തെർമോകോൾ എന്നിവ കൂട്ടിയിട്ട നിലയിലായിരുന്നു. രണ്ട് സ്ഥാപനങ്ങൾക്കും 5000 രൂ വീതം പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ ആർ അജയകുമാർ, സ്ക്വാഡ് അംഗം ശരീകുൽ അൻസാർ, കണ്ണൂർ കോർപ്പറേഷൻ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പത്മരാജൻ,രേഷ്മ, അനിത എന്നിവരും പങ്കെടുത്തു.