ഞെട്ടേണ്ട! മുരിങ്ങക്കായയ്ക്ക് വില 500, നേന്ത്രക്കായ 80; എരിവുകൂടി കാന്താരി

Share our post

കാഞ്ഞങ്ങാട്: മുരിങ്ങക്കായയുടെയും കാന്താരിയുടെയും വില കേട്ട് ആരും ഞെട്ടേണ്ട. പച്ചക്കറിമാര്‍ക്കറ്റില്‍ ഇവയുടെ വില ഒപ്പത്തിനൊപ്പമാണ്. കിലോയ്ക്ക് 500 രൂപ. 200-നും 300-നുമിടയില്‍ വിലയുണ്ടായിരുന്ന തമിഴ്നാട്ടില്‍നിന്നുള്ള മുരിങ്ങക്കായയുടെ വരവ് കുറഞ്ഞതോടെയാണ് ഉത്തേരേന്ത്യയില്‍നിന്നുള്ള വിലകൂടിയ ഇനം വിപണിയില്‍ സ്ഥാനംപിടിച്ചത്.

അരമീറ്ററോളം നീളം വരുന്ന ‘ബറോഡ മുരിങ്ങക്കായ’യ്ക്ക് തമിഴ്നാട് ഇനത്തെ അപേക്ഷിച്ച് പച്ചനിറം കൂടുതലാണ്. സദ്യകള്‍ക്കും സത്കാരങ്ങള്‍ക്കും വിഭവങ്ങളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഇനമായതിനാലാണ് കുറഞ്ഞ നിലയിലെങ്കിലും മൊത്തക്കച്ചവടക്കാര്‍ മുരിങ്ങ സ്റ്റോക്ക് ചെയ്യുന്നത്. നാടന്‍ മുരിങ്ങക്കായ വിപണിയിലെത്തിയാല്‍ വിലയില്‍ മാറ്റം പ്രതീക്ഷിക്കാമെന്ന് കച്ചവടക്കാര്‍ പറയുന്നു.

കിലോയ്ക്ക് 300 രൂപയുണ്ടായിരുന്ന കാന്താരിമുളകിന്റെ വില അടുത്ത ദിവസങ്ങളിലാണ് 400-ഉം പിന്നിട്ട് 500-ലെത്തിയത്. .

വരവ് കുറഞ്ഞു, നേന്ത്രപ്പഴവില ഉയരുന്നു

വിപണിയില്‍ വരവ് കുറഞ്ഞതോടെ നേന്ത്രപ്പഴ വില ഉയര്‍ന്നു. കിലോയ്ക്ക് 45-50 രൂപയില്‍നിന്ന് രണ്ടുദിവസംകൊണ്ട് വില 70-80-ലെത്തി. പച്ചക്കായ (കറിക്കായ) വില 35 രൂപയില്‍നിന്ന് 50 രൂപയായി.

അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള നേന്ത്രക്കായ വരവ് നിലച്ചതും നാടന്‍ നേന്ത്രന്റെ വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. രണ്ടുമാസം മുന്‍പ് 100 രൂപവരെ വിലയുണ്ടായിരുന്ന ഞാലിപ്പൂവന് വില 60 രൂപയാണ്. പൂവന്‍പഴം 45 രൂപയ്ക്ക് കിട്ടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!