കൊട്ടാരക്കര: താലൂക്ക് ഓഫീസിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെയും നടപടികളുടെയും തുടർച്ചയായി ഒരാളൊഴികെ എല്ലാ ഡെപ്യൂട്ടി തഹസിൽദാർമാരെയും സ്ഥലം മാറ്റി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ അനുസരിച്ച് ഡെപ്യൂട്ടി തഹസിൽദാർമാരായ ജി.അജേഷ്, റെജി കെ.ജോർജ്, ആർ.ഷിജു, സരിത ചന്ദ്രൻ എന്നിവരെ പത്തനാപുരം താലൂക്കിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ലാൻഡ് റവന്യു കമ്മിഷണർ ഉത്തരവിറക്കി. ഇവരെ പൊതുജനസമ്പർക്കം കുറഞ്ഞ ഓഫീസുകളിലോ സെക്‌ഷനുകളിലോ മാത്രമേ നിയമിക്കാവൂ എന്ന പരാമർശത്തോടെയാണ് ഉത്തരവ്.
ഭിന്നശേഷിക്കാരനായതിനാൽ ഡെപ്യൂട്ടി തഹസിൽദാർ അജിമോനെ സ്ഥലംമാറ്റത്തിൽനിന്ന് ഒഴിവാക്കി. കൈക്കൂലി ആരോപണത്തിൽ കുടുങ്ങിയ തഹസിൽദാർ എം.കെ.അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ വി.അനിൽകുമാർ, ഡ്രൈവർ ടി.മനോജ് എന്നിവരെ മുൻപുതന്നെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും താത്കാലിക ഡ്രൈവർ ആർ.മനോജ്കുമാറിനെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
വ്യാപക കൈക്കൂലി എന്ന പരാതിയെ തുടർന്ന് കഴിഞ്ഞ മേയ് 30-നാണ് റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി കൊട്ടാരക്കര താലൂക്ക് ഓഫീസിൽ രഹസ്യപരിശോധന നടത്തിയത്. പാറ ക്വാറിക്ക് അനുമതി തേടാനെന്ന വ്യാജേന എത്തിയ മേലധികാരിയെ തിരിച്ചറിയാതെ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ കുടുങ്ങുകയായിരുന്നു.
തുടർന്ന് റവന്യു വിജിലൻസ് നടത്തിയ അന്വേഷണത്തിലും സമാനമായ ക്രമക്കേടുകൾ കണ്ടെത്തി. റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി ജെ.ബിജുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജൂലായിൽ വിശദമായ പരിശോധനയും മൊഴിയെടുപ്പും നടത്തുകയും കുറ്റാരോപിതരായി കണ്ടെത്തിയവർക്കെതിരേ നടപടി ശുപാർശ റിപ്പോർട്ട് നൽകുകയുമായിരുന്നു.
എന്നാൽ കുറ്റാരോപിതരിൽനിന്ന് വിശദീകരണം തേടാതെയും കൃത്യമായ തെളിവുകളില്ലാതെയും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലും മാത്രമുള്ളതാണ് നടപടിയെന്ന ആരോപണവും ഉയരുന്നുണ്ട്.
ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുള്ളതെങ്കിലും കൈക്കൂലി ആരോപണത്തിന് കൃത്യമായ തെളിവുകളില്ലെന്ന് റിപ്പോർട്ടിൽതന്നെ പറയുന്നു. പല ജീവനക്കാരുടെയും മൊഴികളാണ് കൈക്കൂലി ആരോപണത്തെ സാധൂകരിക്കുന്നത്. താലൂക്ക് ഓഫീസ് റവന്യു ഇന്റലിജൻസിന്റെ നിരന്തര നിരീക്ഷണത്തിലാക്കുക, ഫയലുകൾ തീർപ്പാക്കാൻ അദാലത്ത് നടത്തുക തുടങ്ങിയ നിർദേശങ്ങളും റവന്യു അഡീഷണൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
നടപടിക്കു കാരണമായ പ്രധാന കണ്ടെത്തലുകൾ
* പാറ, ചെളി ഖനനത്തിന് അനുമതി തേടിയുള്ള ഫയലുകളിലും പരാതികളിലും യഥാസമയം നടപടിയെടുക്കുന്നില്ല
* 2008 മുതലുള്ള ആയിരത്തിയെണ്ണൂറോളം പരാതികൾ തീർപ്പാകാതെ കിടക്കുന്നു
* സർവേ അപേക്ഷകളിൽ മുൻഗണനാക്രമം തെറ്റിക്കുന്നു, 2013 മുതലുള്ള 900 ഫയലുകൾ കെട്ടിക്കിടക്കുന്നു
* സ്ഥിരം ഡ്രൈവറെ ഒഴിവാക്കി താത്കാലിക ഡ്രൈവറുമായി ഖനനകേന്ദ്രങ്ങളിലും മണ്ണെടുപ്പുകേന്ദ്രങ്ങളിലും പരിശോധന നടത്തുന്നു
* ചട്ടവിരുദ്ധമായി വാഹന ഉപയോഗം
* ഖനനക്കാരുടെ ഇടനിലക്കാരനായി താത്കാലിക ഡ്രൈവർ പ്രവർത്തിച്ചു
* അനധികൃത ഖനനം നടത്തിയതിന് വലിയ തുക പിഴയീടാക്കാൻ ഹൈക്കോടതി ഉത്തരവിട്ട കേസിൽ ക്വാറിക്ക് അനുകൂലമായി താലൂക്ക് സർവെയറിൽനിന്ന് തഹസിൽദാർ വിശദീകരണം തേടി
* അനധികൃത ഖനനം സംബന്ധിച്ച് കുളക്കട സ്വദേശി നൽകിയ പരാതിയുടെ തീയതി തിരുത്തി മേലധികാരികൾക്കു സമർപ്പിച്ചു
* ഡ്രൈവറുടെ മുറിയിൽ ചില ഡെപ്യൂട്ടി തഹസിൽദാർമാർ ഉൾപ്പെടെ പങ്കെടുക്കുന്ന മദ്യസത്കാരങ്ങൾ നടക്കുന്നു
* പാറ ക്വാറിയും ഖനന മാഫിയുമായി ബന്ധപ്പെട്ട കോക്കസ് താലൂക്ക് ഓഫീസ് കേന്ദ്രമായി പ്രവർത്തിക്കുന്നു.