കോഴിക്കോട്: സമസ്തയിലെ ഒരുവിഭാഗം നടത്തുന്ന മുസ്ലിംലീഗ് വിരുദ്ധ നീക്കങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ മഹല്ലുകളിലേക്കുകൂടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സമസ്ത ആദര്‍ശ സംരക്ഷണ സമിതി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനത്തിനുള്ള യോഗ്യത ചോദ്യംചെയ്ത മുക്കം ഉമ്മര്‍ ഫൈസിക്കെതിരേയും സുപ്രഭാതത്തിലെ വിവാദ പരസ്യത്തിന്റെ കാര്യത്തിലും ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കില്‍ താഴെത്തട്ടിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് പ്രതിരോധിക്കാനാണ് സമിതിയുടെ നീക്കം.
അടുത്ത ആഴ്ച മലപ്പുറത്ത് അഡ്ഹോക്ക് കമ്മിറ്റി യോഗംചേര്‍ന്ന് ഭാവി പ്രവര്‍ത്തങ്ങള്‍ തീരുമാനമെടുക്കും. ആവശ്യമെങ്കില്‍ സ്ഥിരം സമിതിയാക്കി മാറ്റും.ഉമ്മര്‍ഫൈസി മുക്കം, സത്താര്‍ പന്തല്ലൂര്‍, ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം സി.പി.എമ്മിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് മഹല്ല് തലങ്ങളില്‍ യോഗം വിളിച്ച് ബോധവത്കരിക്കും. സമസ്തയെ പിളര്‍ത്തി ദുര്‍ബലപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് സമിതി ആരോപിക്കുന്നത്.
ഇപ്പോഴുള്ള തര്‍ക്കം ഏതെങ്കിലും ഘട്ടത്തില്‍ പിളര്‍പ്പിലേക്ക് എത്തുകയാണെങ്കില്‍ അണികളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി ഒപ്പം നിര്‍ത്തുക എന്ന ലക്ഷ്യംകൂടെയുണ്ട്. സമസ്ത-ലീഗ് തര്‍ക്കത്തില്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ സമസ്ത നേതൃത്വവുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതില്‍ പരിഹാരമുണ്ടാവുമോ എന്നുനോക്കും. അതിനാണ് ഒരാഴ്ചകൂടെ കാത്തിരിക്കാന്‍ തീരുമാനിച്ചത്.മുസ്ലിംലീഗിന് സ്വാധീനമുള്ള സംഘടനയാണ് മഹല്ല് ഫെഡറേഷന്‍. അവരുടെ പങ്കാളിത്തത്തോടെയാണ് സമിതിയുടെ പ്രവര്‍ത്തനം. സമസ്തയിലെ ഭൂരിഭാഗം മുശാവറ അംഗങ്ങളും മുസ്ലിംലീഗുമായി യോജിച്ചു പോവണമെന്ന അഭിപ്രായമുള്ളവരാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് തിരിച്ചടി നല്‍കുമെന്നാണ് ഒരു വിഭാഗം പറയുന്നത്.
പക്ഷേ, ടീം സമസ്ത എന്ന പേരില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ വീടുകള്‍കയറി ലീഗിനെതിരേ പ്രചാരണം നടത്തിയിട്ടും അബ്ദുസ്സമദ് സമദാനിക്ക് വോട്ടുകൂടുകയാണ് ഉണ്ടായതെന്ന് ലീഗ് അനുകൂലികള്‍ പറയുന്നു.എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ ആദര്‍ശ സമ്മേളനമെന്ന പേരില്‍ ലീഗിനെയും പാണക്കാട് കുടുംബത്തെയും കുറ്റപ്പെടുത്തലാണ് നടക്കുന്നതെന്നും ആദര്‍ശസംരക്ഷണ സമിതി ആരോപിക്കുന്നു.