ചരിത്രം‘മുഴക്കിയ’അറക്കൽ മണി

Share our post

കണ്ണൂർ:കേരളത്തിലെ ഏക മുസ്ലിംരാജവംശമായ അറക്കലിന്റെയും പൗരാണിക തുറമുഖപട്ടണമായ സിറ്റിയുടെയും അവിസ്മരണീയ ചരിത്രത്തിന്റെ ഭാഗമാണ് അറക്കൽകെട്ടിലെ മണി. ആലിരാജയും അറക്കൽ ബീവിയും അറക്കൽകെട്ടുമെല്ലാം ജ്വലിക്കുന്ന ഓർമകളാകുമ്പോൾ അറയ്ക്കൽ മ്യൂസിയത്തിലും സിറ്റിയിലുമെത്തുന്ന പുതുതലമുറയ്‌ക്ക്‌ അറക്കൽ കെട്ടിലെ മണി ചരിത്രത്തിലേക്കുള്ള മടക്കയാത്രയാണ്‌. മണിമുഴക്കം നിലച്ചെങ്കിലും സഞ്ചാരികളും ചരിത്രവിദ്യാർഥികളും മണി കാണാനും ഫോട്ടോ പകർത്താനും ഇന്നും ഇവിടെയെത്താറുണ്ട്.
കണ്ണൂർ സിറ്റി അറക്കൽകെട്ടിലെ മണിഗോപുരത്തിൽ 1,600 കാലയളവിലാണ് ഈ മണി സ്ഥാപിച്ചതെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. വിദേശികളുടെ ആക്രമണസാധ്യത മുന്നറിയിപ്പ്, അപായ സൂചന, കടലാക്രണം, പ്രദേശത്തെ പ്രധാന വിവരങ്ങൾ, നിസ്‌കാര സമയം, മരണ അറിയിപ്പ്‌ എന്നിവയെക്കുറിച്ച്‌ ജനങ്ങൾക്ക് വിവരം നൽകാനായിരുന്നു ഇത്‌. ക്ലോക്ക്, ലൗഡ് സ്പീക്കർ എന്നിവ ഇല്ലാതിരുന്ന കാലത്ത് സിറ്റിയുടെ സ്പന്ദനം നിയന്ത്രിച്ചിരുന്നത് നിസ്‌കാര സമയം അറിയിച്ചുള്ള അറക്കൽ കെട്ടിലെ മണിമുഴക്കമായിരുന്നു. മണി അടിച്ച് കഴിഞ്ഞാൽ ജോലി നിർത്തിയും കടകളടച്ചും പ്രദേശവാസികളാകെ പള്ളിയിലേക്കെത്തും.
അറക്കൽ രാജവംശത്തിലെ ആരെങ്കിലും മരിച്ചാലും മണിമുഴക്കാറുണ്ടായിരുന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ സമ്പ്രദായം മുടക്കമില്ലാതെ ഏതാനും നാളുകൾക്ക് മുമ്പുവരെ തുടർന്നിരുന്നു. രണ്ട് വർഷംമുമ്പുവരെ നിസ്കാര സമയം ഓർമപ്പെടുത്തിയും അഞ്ച് നേരം മണിമുഴക്കി. സിറ്റിയിലെ വ്യാപാരി പി റാഷിദാണ് നേരത്തെ മണി മുഴക്കികൊണ്ടിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!