ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; കാറ്ററിങ് സ്ഥാപനം പൂട്ടിച്ചു

Share our post

കൊച്ചി: കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കാറ്ററിങ് സ്ഥാപനം അടപ്പിച്ച് നഗരസഭ. സ്ഥാപനത്തിന്റെ ലൈസന്‍സ് ഭക്ഷ്യസുരക്ഷാ വകുപ്പ് റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിലെ ലില്ലീസ് കിച്ചണ്‍ ആണ് അടച്ചുപൂട്ടിയത്. അതേസമയം, വിനോദയാത്രാസംഘം സവാരി നടത്തിയ ബോട്ടിന് ഭക്ഷണം വിതരണംചെയ്യാന്‍ അനുമതിയില്ലെന്നാണ് ഭക്ഷ്യവകുപ്പ് നല്‍കുന്ന വിശദീകരണം. അതിനാല്‍ ബോട്ടിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളില്‍നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും കെയര്‍ ടേക്കര്‍മാരുമടക്കം 104 പേരടങ്ങുന്ന സംഘമാണ് എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് എത്തിയത്. ഇവര്‍ക്ക് ബോട്ട് സര്‍വീസിനിടെ കഴിച്ച മോരില്‍നിന്നും ഭക്ഷ്യവിഷബാധയുണ്ടായി എന്നാണ് സംശയിക്കുന്നത്. ഭക്ഷണം കഴിച്ചതിന് ശേഷം വയറിളക്കവും പിന്നാലെ ഛര്‍ദിയും ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളും കെയര്‍ടേക്കര്‍മാരും ഉള്‍പ്പെടെ 85 പേരാണ് ബുധനാഴ്ച രാത്രി പത്തരയോടെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.

എറണാകുളം നോര്‍ത്തില്‍ സ്ഥിതിചെയ്യുന്ന കാറ്ററിങ് സ്ഥാപനമാണ് ലില്ലീസ് കിച്ചണ്‍. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്ഥാപനം നഗരസഭ അടച്ചുപൂട്ടിയിരുന്നു. പിന്നാലെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത് എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

അതേസമയം, വിനോദയാത്രാസംഘം സവാരി നടത്തിയ ബോട്ടിന് ഭക്ഷണം വിതരണം ചെയ്യാന്‍ അനുമതിയില്ലെന്നാണ് ഭക്ഷ്യവകുപ്പ് നല്‍കുന്ന വിശദീകരണം. ഭക്ഷണം സൂക്ഷിക്കാനോ മറ്റുള്ള സൗകര്യങ്ങള്‍ ബോട്ടില്‍ ഇല്ല. ഈ സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മറുപടി തൃപ്തികമല്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം. സംഭവത്തോടെ കൊച്ചിയിലെ വിവിധ കാറ്ററിങ് സ്ഥാപനങ്ങളില്‍ ഭക്ഷ്യവകുപ്പ് ഇപ്പോള്‍ പരിശോധന നടത്തുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!