ഉറങ്ങാനും ഉണരാനും സമയക്രമം പാലിക്കാത്തവരാണോ? കാത്തിരിക്കുന്നത് സ്‌ട്രോക്കും ഹൃദയാഘാതാവും

Share our post

ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യസമയം പാലിക്കാത്തവരാണ് നമ്മളിൽ പലരും. ഉറങ്ങാൻ പോകുന്നതിന് കൃത്യമായ ഒരു സമയം പാലിക്കാത്തവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണെന്നാണ് പുറത്തുവരുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഉറങ്ങാനും ഉണരാനും സമയക്രമം പാലിക്കാത്തവർക്ക് സ്‌ട്രോക്ക്, ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത മറ്റുള്ളവരെക്കാൾ 26% കൂടുതലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. യുകെ ബയോബാങ്ക് നടത്തിയ പഠനം ജേണൽ ഓഫ് എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്തിലാണ് പ്രസിദ്ധീകരിച്ചത്.

40 നും 79 നും ഇടയിൽ പ്രായമുള്ള 72,269 പേരിൽ നടത്തിയ ഗവേഷണത്തിന് ശേഷമാണ് ഉറക്കത്തിന് സമയക്രമം പാലിക്കാത്തവർക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുമെന്ന് കണ്ടെത്തിയത്. ആരോഗ്യമുള്ള വ്യക്തികൾ 7 മുതൽ 9 മണിക്കൂർ സമയം ഉറങ്ങണമെന്നും പഠനം നിർദ്ദേശിക്കുന്നു. ഓരോ ദിവസവും വ്യത്യസ്ത സമയങ്ങളിൽ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന വ്യക്തികൾക്ക് ഹൃദ്‌രോഗം വളരെ എളുപ്പത്തിൽ പിടിപെടും. സമയക്രമം പാലിക്കാത്ത വ്യക്തികൾ 8 മണിക്കൂർ ഉറങ്ങിയാലും ഈ പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവില്ല.

ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം സ്ഥിരമായി ഉറങ്ങുന്ന സമയത്തില്‍ മാറ്റം വരുത്തുന്നവരെക്കുറിച്ചല്ല പറയുന്നത്. പകരം അഞ്ചോ ആറോ ദിവസങ്ങളിൽ ക്രമരഹിതമായ ഉറക്കമുള്ളവരെയാണ് ഹൃദ്‌രോഗം ബാധിക്കുകയെന്നും ഗവേഷകർ പറയുന്നു.

ഓരോ ദിവസവും രാവിലെ വ്യത്യസ്ത സമയങ്ങളിൽ ഉണരുന്നത് ആളുകളുടെ ബയോളജിക്കൽ ക്ലോക്കിനെ ബുദ്ധിമുട്ടിലാക്കും ഇതാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതെന്നും ഗവേഷകർ പറഞ്ഞു.
ഗവേഷണത്തിൽ പങ്കെടുത്തവർ അവരുടെ ഉറക്കം രേഖപ്പെടുത്താൻ ഏഴ് ദിവസത്തേക്ക് ഒരു ആക്റ്റിവിറ്റി ട്രാക്കർ ധരിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന ഡാറ്റ ഉൾപ്പെടുത്തി വിദഗ്ധർ സ്ലീപ്പ് റെഗുലരിറ്റി ഇൻഡക്‌സ് (എസ്ആർഐ) സ്‌കോർ കണക്കാക്കുകയും ചെയ്തിരുന്നു. പൂജ്യം മുതൽ 100 വരെയായിരുന്നു ആളുകൾക്ക് നൽകിയ സ്‌കോർ.

ഉറക്കസമയം, ഉണരുന്ന സമയം, ഉറക്കത്തിന്റെ ദൈർഘ്യം, രാത്രിയിൽ ഉണർന്നിരിക്കൽ എന്നിവ കണക്കാക്കി ദൈനംദിന സ്‌കോർ റെക്കോർഡ് ചെയ്തു. എട്ട് വർഷത്തോളമാണ് ആളുകളെ പഠനത്തിന് വിധേയമാക്കിയത്.
ക്രമരഹിതമായി ഉറങ്ങുന്നവർക്ക് സ്ഥിരമായ സമയത്ത് ഉറങ്ങുന്നവരെ അപേക്ഷിച്ച് സ്‌ട്രോക്ക്, ഹൃദയസ്തംഭനം അല്ലെങ്കിൽ ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത 26% കൂടുതലാണെന്നും ഇടയ്ക്ക് ക്രമരഹിതമായി ഉറങ്ങുന്നവർക്ക് രോഗസാധ്യത 8% കൂടുതലാണെന്നും പഠനം കണ്ടെത്തുന്നു. പഠനം നടത്തിയവരിൽ 61 ശതമാനം ആളുകളും സ്ഥിരസമയത്ത് ഉറങ്ങുന്നവരാണെന്നും 48 ശതമാനം ക്രമരഹിതമായി ഉറങ്ങുന്നവരാണെന്നും പഠനം പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!