കൊവിഡിന് ശേഷം രോഗികളാകുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നുവെന്ന് പഠനം

Share our post

കൊവിഡിന് ശേഷം പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറുപ്പക്കാരില്‍ കഠിനവും വളരെക്കാലം നീണ്ടുനില്‍ക്കുന്നതുമായ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നുവെന്ന് പഠനം. മുതിര്‍ന്നവരേക്കാള്‍ കൂടൂതലായി ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ അനുഭവിക്കുന്നത് ചെറുപ്പക്കാരാണ്. നോര്‍ത്ത് വെസ്‌റ്റേണ്‍ മെഡിസിനിലെ ഡോ. ഇഗോര്‍ കൊറാല്‍നിക്കിന്റെ നേതൃത്വത്തില്‍ അന്നല്‍സ് ഓഫ് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.65 വയസില്‍ താഴെയുളളവരിലാണ് കൊവിഡിന്റെ ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ കൂടുതലും പ്രകടമാകുന്നത്. ക്ഷീണം, ശ്വാസ തടസം , പനി, തലവേദന, ഉറക്കക്കുറവ്, കുറഞ്ഞ ഐക്യു, ഓര്‍മ്മശക്തിയിലെ കുറവ്, എന്നിവയൊക്കെ കൊവിഡിന്റെ ബാക്കിപത്രമായി ചെറുപ്പക്കാരില്‍ കണ്ടുവരികയാണെന്ന് പഠനം പറയുന്നു.

1300 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. കൊവിഡ് വന്നതിന് ശേഷം പത്ത് മാസത്തേക്കെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായ രോഗികളിലാണ് പഠനം നടത്തിയത്. 65 വയസിന് താഴെ പ്രായമുളളവരിലാണ് ഈ ബുദ്ധിമുട്ടുകള്‍ അധികമുള്ളതും.ഇത്തരത്തില്‍ നീണ്ടുനില്‍ക്കുന്ന കൊവിഡിന്റെ ആഘാതം ചെറുപ്പക്കാരില്‍ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതുകൊണ്ടുതന്നെ തൊഴിലിനെയും ഉത്പാദനക്ഷമതയേയും ഒക്കെ കാര്യമായി ബാധിക്കുന്നുവെന്നാണ് പഠനം നടത്തിയ ഡോ. ഇഗോര്‍ കൊറാല്‍നിക് പറയുന്നത്. തലവേദന, മരവിപ്പ്, മണം, രുചി എന്നിവയിലെ പ്രശ്‌നങ്ങള്‍, കാഴ്ച മങ്ങല്‍, വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ക്ഷീണം, ചിന്താശേഷി എന്നിവയൊക്കെയാണ് ന്യൂറോളജിക്കല്‍ ലക്ഷണങ്ങളില്‍ പ്രധാനം. കൊവിഡ് വന്നുപോയെങ്കിലും ഇപ്പോഴും ആവര്‍ത്തിച്ചുളള അണുബാധ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!