തെരുവുകളിൽ അന്തിയുറങ്ങുന്നത്‌ 500ലേറെപേർ;പുനരധിവസിപ്പിക്കാനാകില്ലെന്ന് സാമൂഹികനീതി വകുപ്പ്

Share our post

കണ്ണൂർ: നേരമിരുട്ടുമ്പോൾ കണ്ണൂർ നഗരത്തിൽ അന്തിയുറങ്ങാനെത്തുന്നത് 500-ഓളം പേർ. തൊഴിലാളികൾ, ഭിക്ഷാടകർ, മോഷ്ടാക്കൾ, സമൂഹവിരുദ്ധർ, മാനസികാസ്വാസ്ഥ്യമുള്ളവർ എന്നിവർ ഇക്കൂട്ടത്തിലുണ്ട്. ഇവരിൽ ഭൂരിഭാഗവും നഗരത്തിലെ ‘സ്ഥിരം താമസക്കാരാണ്’. മറ്റു ചിലരാകട്ടെ വല്ലപ്പോഴും മാത്രം എത്തുന്നവരും.കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡ്, സ്റ്റേഡിയം കോർണർ, റെയിൽവേ സ്റ്റേഷൻ പരിസരം, തെക്കിബസാർ, മാർക്കറ്റ്, പുതിയ ബസ്‌സ്റ്റാൻഡ്, പോലീസ് കോ-ഓപ്പറേറ്റീവ് വരാന്ത, കളക്ടറേറ്റ് മൈതാനത്തെ സ്റ്റേജ്‌ പരിസരം, പ്ലാസ, യോഗശാല റോഡ്, പാറക്കണ്ടി എന്നിവിടങ്ങളിലാണ് രാത്രി ഉറങ്ങാൻ ഇവരെത്തുന്നത്.

കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡിൽ മാത്രം 200-ഓളം പേർ അന്തിയുറങ്ങുന്നുണ്ട്. ഭിക്ഷാടനത്തിന്റെ മറവിൽ അന്തിയുറങ്ങുന്നവരെ നിരീക്ഷിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഒരു നിയന്ത്രണവുമില്ല.റോഡരികിൽ ഉറങ്ങുന്നവരിൽ നാട്ടുകാരും മറുനാട്ടുകാരുമുണ്ട്. അടുത്തകാലത്തായി രാത്രിയിൽ ഉറങ്ങാൻവരുന്നവരിൽ കൂടുതലും യുവാക്കളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.മദ്യപിച്ച് പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചയും പതിവാണ്. മേൽവിലാസംപോലും ഇല്ലാത്തവരാണ് എറെയും. രാത്രി ഒൻപത് ആകുമ്പോഴേക്കും ബസ്‌സ്റ്റാൻഡുകളും കിടക്കുന്ന ഇടങ്ങളും ഇവരുടെ അധീനതയിലാകും. വെളിച്ചംകുറഞ്ഞ സ്ഥലങ്ങളിലെല്ലാം ഇവർ തമ്പടിക്കും. പകൽമുഴുവൻ ഭിക്ഷാടനം നടത്തിയും ചെറിയ കൂലിപ്പണി ചെയ്തും തലചായ്ക്കാൻ ഇടമില്ലാത്തവരും രാത്രി കടവരാന്തയിൽ ഉറങ്ങാനെത്തുന്നുണ്ട്.

പുനരധിവസിപ്പിക്കാനാകില്ലെന്ന് സാമൂഹികനീതി വകുപ്പ്

നഗരത്തിൽ രാപാർക്കുന്നവരെ പുനരധിവസിപ്പിക്കാനാകില്ലെന്ന് സാമൂഹികനീതി വകുപ്പ് അധികൃതർ അറിയിച്ചു. രാത്രിയിൽ അന്തിയുറങ്ങാനെത്തുന്നവരുടെ വ്യക്തമായ കണക്ക് വകുപ്പിനില്ല. വകുപ്പുതല സർവേ നടത്തിയിട്ടുണ്ട്. സർക്കാർ നിർദേശത്തെത്തുടർന്ന് ഇവരെ അനാഥമന്ദിരത്തിൽ പാർപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. താത്പര്യമില്ലാത്തതാണ് കാരണം. സർക്കാർ അനാഥമന്ദിരത്തിൽ താമസിപ്പിച്ചവർ ഒരുമാസത്തിനുള്ളിൽ തിരിച്ച് പോകുന്ന അവസ്ഥയുമുണ്ട്.രാത്രിയിൽ നഗരത്തിൽ കിടന്നുറങ്ങുന്നവരെ പോലീസ് നിരീക്ഷിക്കുമെന്ന് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. സമൂഹവിരുദ്ധരെയും മോഷ്ടാക്കളെയും പിടിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!