കുടുംബപ്രശ്നം; ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് മക്കളുമായി കടന്നു

Share our post

കുടുംബപ്രശ്നങ്ങളെ തുടര്‍ന്നുള്ള വിരോധത്തില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം മക്കളുമായി കടന്നുകളഞ്ഞു. മൈലപ്ര കോട്ടമലയില്‍ തിങ്കളാഴ്ച രാവിലെ എട്ടിനാണ് സംഭവം. കോട്ടമല ഓലിക്കല്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി സ്വദേശി അശ്വതി (28)-യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് തിരുവനന്തപുരം സ്വദേശി വിവിലിനായി (30) പോലീസ് തിരച്ചില്‍ തുടങ്ങി. എട്ടും മൂന്നും വയസ്സുള്ള കുട്ടികളുമായാണ് ഇയാള്‍ പോയത്.വര്‍ഷങ്ങളായി തിരുവനന്തപുരത്തായിരുന്നു അശ്വതിയും വിവിലും താമസിച്ചിരുന്നത്. സ്ഥിരമായി മദ്യപിച്ച് ഉപദ്രവിക്കുന്നുവെന്ന കാരണത്താല്‍ പത്തുമാസം മുന്‍പാണ് അശ്വതി മക്കള്‍ക്കും തന്റെ അമ്മയ്ക്കും ഒപ്പം മൈലപ്രയില്‍ വാടകയ്ക്കു താമസിക്കാനെത്തിയത്. താമസം തുടങ്ങി രണ്ടുമാസത്തിനുശേഷം വിവില്‍ ബന്ധുക്കളുമായി എത്തി കുടുംബപ്രശ്നം രമ്യതയിലാക്കി. പിന്നീട് ഇരുവരും ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത്. വിവില്‍ വെല്‍ഡിങ് ജോലിക്കും പോകുമായിരുന്നു.

എന്നാല്‍ ഒന്നരയാഴ്ചമുമ്പ് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച മദ്യപിച്ചശേഷം വീട്ടിലെത്തിയ വിവില്‍ വീടിന്റെ ജനലും കതകും തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് അശ്വതി പത്തനംതിട്ട വനിതാ സെല്ലില്‍ പരാതി നല്‍കി. ഇരുവരെയും തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനായി രാവിലെ ഒരുങ്ങുന്നതിനിടെയാണ് വിവില്‍ എത്തി സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അശ്വതിയെ മുറിയിലേക്ക് വിളിച്ച് വെട്ടുകത്തികൊണ്ട് വെട്ടിയത്. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റു. മുറിയില്‍ നിന്നിറങ്ങിയ അശ്വതി അടുക്കളയിലേക്ക് കയറിയപ്പോള്‍ അവിടെയിട്ട് കൈയ്ക്കും കഴുത്തിനും വെട്ടി. മരിച്ചെന്നു കരുതി അശ്വതിയെ ഉപേക്ഷിച്ച് വീടിന്റെ വാതില്‍ ചാരിയശേഷം വിവില്‍ മക്കളെയും എടുത്ത് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ അശ്വതി പ്രാണരക്ഷാര്‍ഥം അയല്‍വീട്ടിലെത്തി. ഇവരുടെ അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു അക്രമം. സംഭവം അറിഞ്ഞെത്തിയ അമ്മയും വീട്ടുടമസ്ഥനും ചേര്‍ന്ന് അശ്വതിയെ ആദ്യം പത്തനംതിട്ട ജനറല്‍ ആസ്പത്രിയിലെത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!