മസ്റ്ററിങ് നടത്താന്‍ 21 ലക്ഷം പേര്‍ ബാക്കി, ജീവിച്ചിരിക്കുന്നവരെ തിരിച്ചറിയാന്‍ അന്വേഷണം നടത്തും

Share our post

ആലപ്പുഴ: സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് നടത്താത്ത മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തിരിച്ചറിയാന്‍ ഭക്ഷ്യവകുപ്പ് അന്വേഷണം നടത്തും. വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തവര്‍ക്കായി മൊബൈല്‍ ആപ്പ് കൊണ്ടുവന്നിട്ടും മസ്റ്ററിങ് നടത്താന്‍ 21 ലക്ഷം പേര്‍ ബാക്കിയായതോടെയാണിത്.മസ്റ്ററിങ് നടത്താത്തവരില്‍ മരിച്ചവര്‍ എത്രയുണ്ടെന്നു ഭക്ഷ്യവകുപ്പിന് വ്യക്തമായ വിവരമില്ല. മസ്റ്ററിങ് നടത്താത്തവരുടെ പേര് റേഷന്‍കാര്‍ഡില്‍നിന്ന് നീക്കം ചെയ്യണമെങ്കില്‍ വ്യക്തമായ കണക്കു വേണം. നടത്താത്തവരെയെല്ലാം നീക്കിയാല്‍ ജീവിച്ചിരിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ഭക്ഷ്യധാന്യം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും. അതൊഴിവാക്കാനാണ് അന്വേഷണം.

മൊബൈല്‍ ആപ്പുവന്നിട്ടും മസ്റ്ററിങ് നടത്താന്‍ കഴിയാത്തവരുടെ പേര്, ആധാര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവയാണ് ഓരോ റേഷന്‍ കടയുടെയും പരിധിയില്‍നിന്നു ശേഖരിക്കുന്നത്. റേഷന്‍ കടക്കാരുടെ സഹായത്തോടെ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരാണ് അന്വേഷണം നടത്തുക.വിദേശത്തുള്ളവര്‍, കുട്ടികള്‍, ഇതരസംസ്ഥാനത്തു കഴിയുന്നവര്‍ തുടങ്ങിയവരുടെയെല്ലാം വിവരം പ്രത്യേകം ശേഖരിക്കും. മസ്റ്ററിങ് തീരുന്ന 30-നകം ഇതുസംബന്ധിച്ച ഓരോ താലൂക്കിലെയും അന്തിമ കണക്ക് ലഭ്യമാക്കാനാണു നിര്‍ദേശം.

സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 1.53 കോടിയാളുകളുണ്ട്. അതില്‍, 1.31 കോടിപ്പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കി. ആകെ ഗുണഭോക്താക്കളുടെ 85 ശതമാനമാണിത്. ഇപ്പോഴും ദിവസം ശരാശരി പതിനായിരത്തിലേറെപ്പേര്‍ മസ്റ്ററിങ് നടത്തുന്നുണ്ട്.

മരിച്ചവരെ ഒഴിവാക്കി പകരം പുതിയ അര്‍ഹരായവര്‍ക്ക് മഞ്ഞ, പിങ്ക് കാര്‍ഡ് നല്‍കും. അതിനു മുന്നോടിയായി പൊതുവിഭാഗം വെള്ള, നീല കാര്‍ഡുള്ളവരില്‍നിന്ന് പിങ്ക് കാര്‍ഡിലേക്കു മാറാനുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

മൊബൈല്‍ ആപ്പില്‍ മസ്റ്ററിങ് അരലക്ഷം കടന്നു

വിരടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് നടത്താന്‍ കഴിയാത്തവര്‍ക്ക് മേരാ കെ-വൈ.സി. മൊബൈല്‍ ആപ്പ് ഒരുപരിധിവരെ ഗുണംചെയ്തു. സംസ്ഥാനത്ത് ഇതുവരെ 56,000-ലേറെപ്പേര്‍ ആപ്പ് ഉപയോഗിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കി. എന്നാല്‍, ആപ്പ് ഉപയോഗിച്ചും മസ്റ്ററിങ് നടത്താന്‍ കഴിയുന്നില്ലെന്ന് ചിലയിടങ്ങളില്‍നിന്നു പരാതി ഉയര്‍ന്നിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!