ശബരിമല; മേൽപ്പാലത്തിൽ കയറ്റാതെ നേരിട്ട് ദർശനം പരിഗണനയിൽ കൊടമരച്ചുവട്ടിലൂടെ വിടും

ശബരിമല: പതിനെട്ടാംപടി ചവിട്ടിയെത്തെത്തുന്ന ഭക്തരെ കൊടമരച്ചുവട്ടിലൂടെ നേരെ സോപാനത്തേക്ക് കയറ്റി ദർശനം നൽകുന്നത് പരിഗണനയിൽ. ഗുരുവായൂരിലും മറ്റുമുള്ള ഈ മാതൃക സ്വീകരിച്ചാൽ കൊടിമരച്ചുവട് മുതൽ ശ്രീകോവിലിന് മുന്നിലെത്തുന്നതുവരെ ദീർഘനേരം ദർശനത്തിന് അവസരം ലഭിക്കും.പടികയറി വരുന്നവരെ മേൽപ്പാലത്തിലൂടെ കയറ്റി ശ്രീകോവിലിന്റെ വടക്കു ഭാഗത്തുകൂടി കൊണ്ടുവന്നാണ് ഇപ്പോൾ ദർശനം അനുവദിക്കുന്നത്. ദർശനസമയത്ത് ശ്രീകോവിലിന് കുറുകെയാണ് തീർഥാടകർ നടക്കുക. ഇങ്ങനെയാകുമ്പോൾ തിരക്ക് സമയങ്ങളിൽ മൂന്നു സെക്കന്റ് മാത്രമേ ഒരാൾക്ക് ദർശനം കിട്ടൂ.
ഇതുസംബന്ധിച്ച് ഇതരസംസ്ഥാന തീർഥാടകരിൽനിന്നടക്കം ഒട്ടേറെ പരാതികൾ ദേവസ്വംബോർഡിന് നേരിട്ടും ഇ-മെയിൽ വഴിയും ലഭിച്ചിട്ടുണ്ട്.പുതിയസംവിധാനം ഏർപ്പെടുത്തുന്നതിന് തന്ത്രിയുടെ അനുമതി വാങ്ങിയശേഷം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ദേവസ്വംബോർഡ്. ഈരീതി പ്രായോഗികമാക്കുമ്പോൾ ദർശനം കഴിഞ്ഞിറങ്ങുന്നവരെ മാളികപ്പുറംവഴി ബെയ്‌ലി പാലത്തിലൂടെ ചന്ദ്രാനന്ദൻ റോഡിൽ എത്തിക്കാനാണ് പരിപാടി.
ശബരിമല മാസ്റ്റർപ്ലാനിൽ പറയുന്നപ്രകാരം സന്നിധാനത്തെ മേൽപ്പാലങ്ങൾ പൂർണമായി ഒഴിവാക്കും. ബെയ്‌ലി പാലത്തിന് പകരം മാളികപ്പുറം മുതൽ ചന്ദ്രാനന്ദൻ റോഡുവരെ പുതിയ ഉരുക്കുപാലം നിർമിക്കും. 48 കോടിയാണ് ഇതിന്റെ ചെലവ്. ആദ്യഘട്ടം എന്നനിലയിൽ 10 കോടി രൂപ ഇപ്പോൾ സർക്കാർ വകയിരുത്തിയിട്ടുണ്ട്.ഈപാലം വരുന്നതോടെ ബെയ്‌ലി പാലത്തിലേക്കുള്ള കുത്തനെയുള്ള കയറ്റവും ഇറക്കവും ഒഴിവാക്കാൻ സാധിക്കും.ഈ തീർഥാടനകാലം കഴിഞ്ഞാലുടൻ വിശദമായ ചർകൾക്കും കൂടിയാലോചനകൾക്കുംശേഷം പുതിയ ദർശനരീതി സംബന്ധിച്ച നടപടികളിലേക്ക് കടക്കുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.