കോഴി വില കുത്തനെ താഴേക്ക്: കടക്കെണിയില്‍ ഫാമുകള്‍

Share our post

ബ്രോയിലർ കോഴികളിലെ ആന്റി ബയോട്ടിക്, കൃത്രിമ ഹോർമോണ്‍ ഉപയോഗം സംബന്ധിച്ച പ്രചാരണങ്ങള്‍ക്ക് പിന്നാലെ ചിക്കൻ വില കുത്തനെ ഇടിഞ്ഞു.ഇന്നലെ ഒരുകിലോയ്ക്ക് 58 – 60 രൂപയ്ക്കാണ് ഫാമുകളില്‍ നിന്ന് ഏജന്റുമാർ കോഴികളെ വാങ്ങിയത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കോഴിക്ക് ആവശ്യക്കാർ കുറയുകയും ഫാമുകളില്‍ വലിയ തോതില്‍ കോഴികള്‍ ഉള്ളതും കാരണം ഏജന്റുമാർ പറയുന്ന വിലയ്ക്ക് നല്‍കേണ്ട അവസ്ഥയിലാണ് കർഷകർ. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളില്‍ നിറുത്തുന്നത് തീറ്റയിനത്തില്‍ വീണ്ടും നഷ്ടം വരുത്തും.

42 രൂപയ്ക്ക് വാങ്ങിയ കോഴിക്കുഞ്ഞിനെ 40 ദിവസം തീറ്റയും പരിചരണവുമേകി വില്‍ക്കുന്നവർക്ക് ചെലവ് തുകയുടെ പകുതി പോലും തിരിച്ചുകിട്ടുന്നില്ല. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 92-100 രൂപ ചെലവാകും. ഫാമുകളില്‍ കിലോയ്ക്ക് 130 രൂപയെങ്കിലും ലഭിച്ചാലേ മുന്നോട്ടുപോകാനാവൂ. വില കുത്തനെ കുറഞ്ഞതോടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഒരുകിലോ കോഴിയിറച്ചിക്ക് 100 – 115 രൂപയാണ് വില. ജീവനോടെ 85 -90 രൂപയും. ആന്റിബയോട്ടിക് സാന്നിദ്ധ്യം സംബന്ധിച്ച പ്രചാരണത്തിന് പിന്നാലെ കോഴി വാങ്ങുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നതായി കോഴിക്കടക്കാർ പറയുന്നു. വ്യാജപ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വെറ്ററിനറി ഡോക്ടർമാർ രംഗത്തുവന്നതിന് പിന്നാലെ കച്ചവടം കുറച്ച്‌ ഭേദപ്പെട്ടെന്ന് ഇവർ പറയുന്നു. രണ്ട് മാസത്തോളമായി കോഴി വിലയില്‍ കാര്യമായ വർദ്ധനവ് ഉണ്ടായിരുന്നില്ല. 40,000ത്തോളം ഫാമുകളാണ് ജില്ലയിലുള്ളത്. ലക്ഷങ്ങളുടെ നഷ്ടമാണ് കോഴി വിലയിലെ ഇടിവ് മൂലം ഫാമുകള്‍ക്ക് ഉണ്ടായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!