വാഹനമോടിച്ച ക്ലീനര്‍ക്ക് ലൈസന്‍സില്ല, ഡ്രൈവര്‍ വാഹനം ഓടിക്കാനാവാത്ത വിധത്തില്‍ മദ്യലഹരിയില്‍

Share our post

നാട്ടിക: തൃശ്ശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാഹനം ഓടിച്ചത് ലോറിയിലെ ക്ലീനറാണെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നുമാണ് പുറത്തുവരുന്ന വിവരം. ക്ലീനര്‍ക്ക് ലോറി ഓടിക്കാനുള്ള ലൈസന്‍സുണ്ടായിരുന്നില്ല.രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂർ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നിൽ അലക്സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. അലക്‌സ് ലോറിയിലെ ക്ലീനറാണ്. ജോസ് എന്നയാള്‍ വാഹനം ഓടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതിനാലാണ് ക്ലീനറായ അലക്‌സ് ലോറി ഓടിച്ചത്. അലക്‌സും മദ്യപിച്ചിരുന്നു. അതേസമയം അലക്‌സിന് ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. രണ്ടുപേരെയും വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു.മരിച്ച നാടോടി സംഘത്തില്‍പ്പെട്ടവര്‍ സ്ഥിരമായി പ്രദേശത്ത് താമസിക്കുന്നവരാണ്. അപകടമുണ്ടാക്കിയത് മരം കയറ്റിയ വന്ന ലോറിയാണെന്നും ഏകദേശം മൂന്നര ടണ്ണോളം ലോഡ് വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു. റോഡില്‍ നാടോടിസംഘത്തിലുള്ളവരെല്ലാം നിരന്ന് കിടക്കുകയായിരുന്നു. അവര്‍ക്കിടയിലേക്കാണ് ഡിവൈഡര്‍ തകര്‍ത്ത ലോറി പാഞ്ഞുകയറിയത്. റോഡില്‍ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞ നിലയില്‍ കാണപ്പെട്ടിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ 3.50- നാണ് പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേരാണ് തത്ക്ഷണം മരിച്ചത്. കാളിയപ്പന്‍(50),ബംഗാഴി(20), നാഗമ്മ(39), ജീവന്‍(4), വിശ്വ(1) എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ലോറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് കയറിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!