പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

തളിപ്പറമ്പ്: പതിമൂന്നു വയസ്സുകാരിയെ ബസിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിയായ വയോധികന് ആറ് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കന്യാകുമാരി സ്വദേശിയും കൂവേരി ശ്രീമാന്യമംഗലത്ത് താമസക്കാരനുമായ എം. ആന്റണിയെയാണ് (66) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.2023 ജൂൺ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാതാവിനോടൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന 13 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.അന്നത്തെ തളിപ്പറമ്പ് എസ്.ഐ ആയിരുന്ന യദുകൃഷ്ണനായിരുന്നു കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.