കണിച്ചാർ ഉപതിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മുന്നണികൾ, ബി.ജെ.പി നിലപാട് നിർണായകം

കണിച്ചാർ: പഞ്ചായത്ത് ഭരണത്തെ സ്വാധീനിക്കാനിടയുള്ള ആറാം വാർഡ് ചെങ്ങോത്തെ ഉപതിരഞ്ഞെടുപ്പ് ഇരു മുന്നണികൾക്കും നിർണായകമാവും. എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർഥി ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഡീലാണെന്നും അതിനാലാണ് ബി.ജെ.പി സ്ഥാനാർഥിയെ നിർത്താത്തതെന്നും എൽ.ഡി.എഫ് ആരോപിക്കുന്നുണ്ട്.
എന്നാൽ, ബി.ജെ.പി സ്ഥാനാർഥി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കുമെന്നാണ് അറിയുന്നത്.കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി ആറാം വാർഡിൽ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. ബി.ജെ.പി സ്ഥാനാർഥി കൂടി രംഗത്തെത്തുന്നതോടെ ഉപതിരഞ്ഞെടുപ്പ് ചൂടേറും.
നിലവിൽ 13 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ ഏഴ് വാർഡുകൾ നേടിയാണ് 40 വർഷത്തെ യു.ഡി.എഫ് ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ തവണ എൽ.ഡി.എഫ് പഞ്ചായത്ത് പിടിച്ചത്. സർക്കാർ ജോലി ലഭിച്ച ആറാം വാർഡംഗം വി.കെ.ശ്രീകുമാർ പഞ്ചായത്തംഗത്വം രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താനായാൽ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് തുടരാൻ കഴിയും. മറിച്ചാണെങ്കിൽ ഭരണം വീണ്ടും യു.ഡി.എഫിന്റെ കൈകളിലെത്തും.
എൽ.ഡി.എഫ്സ്ഥാനാർഥിയായി വി.കെ.ശ്രീകുമാറിന്റെ ബന്ധു പി.രതീഷും യു.ഡി.എഫ് സ്ഥാനാർഥിയായി സിന്ധു ചിറ്റേരിയുമാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ തവണ 68 വോട്ടുകളുടെ ഭൂരിപക്ഷമാണ് ശ്രീകുമാറിനുണ്ടായിരുന്നത്. എസ്.ടി. സംവരണ വാർഡാണ് ചെങ്ങോം.