പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് എഡിഷൻ നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ നവംബർ 23 ശനിയാഴ്ച രാത്രി 11 മണിക്ക് പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കും. മാരത്തണിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് ചെവിടിക്കുന്ന്, തൊണ്ടിയിൽ, തെറ്റുവഴിയിലൂടെ ഓടി പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും വിധം ഏഴ് കിലോമീറ്റർ ആണ് മാരത്തൺ റൂട്ട്. നാലു പേരടങ്ങുന്ന ടീമുകളായാണ് മത്സരം. സിംഗിളായും പങ്കെടുക്കാം.
ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങളിലെത്തുന്ന പുരുഷ വനിതാ ടീമുകൾക്ക് 15,000, 10,000, 5000 രൂപ വീതം ക്യാഷ് പ്രൈസും ഓട്ടം പൂർത്തിയാക്കുന്നവർക്ക് മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. 50 വയസ്സിന് മുകളിലുള്ള നാല് വനിതാ മത്സരാർത്ഥികൾക്കും 60 വയസ്സിന് മുകളിലുള്ള നാല് പുരുഷ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനം ലഭിക്കും. നാല് മുതൽ പത്ത് വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീം അംഗങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങൾ ലഭിക്കും. അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ ടിന്റു ലൂക്കയാണ് മിഡ്‌നൈറ്റ് മാരത്തണിന്റെ ഇവന്റ് അംബാസിഡർ.
ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഘടകമായ വ്യായാമത്തിലെ ഓട്ടത്തിന് പ്രാധാന്യം നൽകുന്നതിനും മാലിന്യമുക്ത കേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിനുമാണ് മിഡ്‌നൈറ്റ് മാരത്തൺ സംഘടിപ്പിക്കന്നത്. 23ന് രാത്രി 10ന് ഉദ്ഘാടന സമ്മേളനം. 10.30ന് സുമ്പാ ഡാൻസ്, 11 മണിക്ക് ഇവന്റ് അംബാസിഡർ ഒളിമ്പ്യൻ ടിന്റു ലൂക്കയും പേരാവൂർ ഡി. വൈ.എസ്.പി. കെ.വി. പ്രമോദനും ഫ്‌ളാഗ് ഓഫ് ചെയ്യും.
പത്രസമ്മേളനത്തിൽ ചെയർമാൻ സൈമൺ മേച്ചേരി, യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, ജനറൽ സെക്രട്ടറി വി. കെ. രാധാകൃഷ്ണൻ, ട്രഷറർ നാസർ ബറാക്ക, യൂണിറ്റ് രക്ഷാധികാരി കെ.എം. ബഷീർ എന്നിവർ പങ്കെടുത്തു.