കേരളത്തിൽ കോളേജ് വിദ്യാർഥികൾക്കായി സ്‌പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

Share our post

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാർഥികൾക്കായി പ്രത്യേക സ്‌പോർട്സ് ലീഗ് ആരംഭിച്ച് കേരളം. കായിക വകുപ്പുമായി ചേർന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്ന കോളേജ് ലീഗിന്റെ ഭാഗമായി എല്ലാ കോളേജുകളിലും സ്‌പോർട്‌സ് ക്ലബ് തുടങ്ങും. പദ്ധതിയിലൂടെ മികച്ച കായിക സംസ്‌കാരം വാർത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിടുന്നു.ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി ഇനങ്ങളിലാണ് കോളേജ് ലീഗ് ആരംഭിക്കുക. ഭാവിയിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തും.

സംസ്ഥാനത്തെ കോളേജുകളെ നാല് മേഖലകളായി തിരിച്ച് മൂന്നു മുതൽ ആറുമാസം വരെ നീളുന്ന ലീഗാണ് നടത്തുക. സ്‌പോർട്‌സ് ക്ലബുകളെ ഏകോപിപ്പിക്കാൻ ജില്ലാതല കമ്മിറ്റികൾ ഉണ്ടാകും. കമ്മിറ്റിയിൽ ഉന്നതവിദ്യാഭ്യാസ, കായിക, വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുൻതാരങ്ങളുമുണ്ടാകും. സംസ്ഥാനതല സാങ്കേതിക സമിതിക്കാകും ജില്ലാ സമിതികളുടെ നിയന്ത്രണം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും വൈസ് ചാൻസലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണനിർവ്വഹണ സമിതി.

പ്രൊഫഷണൽ ലീഗുകളുടെ മാതൃകയിൽ ‘ഹോം ആന്റ് എവേ’ മത്സരങ്ങളാണ് നടക്കുക. ജില്ലാ തല സമിതികളാണ് കോളേജ് ലീഗിനുള്ള ടീമുകളെ തിരഞ്ഞെടുക്കുക. ഓരോ മേഖലയിൽ നിന്നും മുന്നിലെത്തുന്ന നാല് ടീമുകൾ സംസ്ഥാന ലീഗിൽ മത്സരിക്കും. ഓരോ കായിക ഇനത്തിലും 16 ടീമുകൾ സംസ്ഥാനതല മത്സരത്തിനെത്തും. മത്സരങ്ങൾ നിരീക്ഷിക്കാൻ പ്രൊഫഷണൽ ലീഗിൽ നിന്നുള്ള വിദഗ്ധരും പ്രൊഫഷണൽ കളിക്കാരും എത്തും.

സ്‌പോർട്‌സ് ക്ലബുകൾക്ക് ഭാവിയിൽ സ്വന്തം നിലയിൽ വരുമാനമുണ്ടാക്കാൻ സാധിക്കുന്ന രീതിയിലാണ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കോളേജുകളെ വഴിയൊരുക്കും. കോളേജ് ലീഗിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് പ്രൊഫഷണൽ ലീഗിലേക്കും വഴിയൊരുങ്ങും.സ്പോർട്സ് എഞ്ചിനീയറിങ്, സ്പോർട്സ് മെഡിസിൻ, സ്പോർട്സ് മാനേജ്മെന്റ് മേഖലകളിൽ ഉണർവ്വും വളർച്ചയും ഇതുവഴി കൈവരിക്കാനാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!