ജയിലിലായ വിചാരണത്തടവുകാര്‍ക്ക് ജാമ്യത്തിന് വഴിയൊരുങ്ങുന്നു

Share our post

ന്യൂഡല്‍ഹി: ലഭിക്കാവുന്ന പരമാവധി ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് കാലത്തിലേറെ ജയിലില്‍ക്കഴിയുന്ന വിചാരണത്തടവുകാര്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു. ഈമാസം 26-ന് ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതോടനുബന്ധിച്ച് ഇത്തരം വിചാരണത്തടവുകാരെ ജാമ്യത്തില്‍ വിടാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നത്.

പരമാവധി ശിക്ഷയുടെ മൂന്നിലൊന്ന് കാലമായി വിചാരണത്തടവില്‍ കഴിയുന്നവരെ കണ്ടെത്താന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് സുപ്രീംകോടതിയും കഴിഞ്ഞദിവസം നിര്‍ദേശം നല്‍കി. ഇത്തരം കേസുകള്‍ ബന്ധപ്പെട്ട കോടതികളിലേക്ക് ജാമ്യത്തിനായി അയക്കാനും നിര്‍ദേശിച്ചു.

വിചാരണത്തടവുകാരെ ജാമ്യമില്ലാതെ തടവില്‍വെക്കാവുന്ന പരമാവധി കാലയളവ് നിഷ്‌കര്‍ഷിക്കുന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എന്‍.എസ്.എസ്.) 479-ാം വകുപ്പിന് മുന്‍കാലപ്രാബല്യമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഈയിടെ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. പുതിയ ക്രിമിനല്‍നിയമം നടപ്പായത് 2024 ജൂലായ് ഒന്നിനാണെങ്കിലും മേല്‍പ്പറഞ്ഞ വകുപ്പിന് മുന്‍കാല പ്രാബല്യമുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് കാലം വിചാരണത്തടവുകാരായി ജയിലില്‍ക്കഴിയുന്നവര്‍ക്കെല്ലാം നീതി ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഗുരുതരമല്ലാത്ത കുറ്റംചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പഴയ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സി.ആര്‍.പി.സി.) 436എ വകുപ്പ് പ്രകാരം ശിക്ഷയുടെ രണ്ടിലൊന്ന് (പകുതി) കാലയളവാണ് വിചാരണത്തടവുകാരെ ജാമ്യമില്ലാതെ തടവില്‍ വെക്കാമായിരുന്നത്. പുതുതായിവന്ന ബി.എന്‍.എസ്.എസ്. പ്രകാരം അത് മൂന്നിലൊന്ന് കാലയളവാക്കിയതാണ് വിചാരണത്തടവുകാര്‍ക്ക് നേട്ടമാകുന്നത്. ബി.എന്‍.എസ്.എസ്. പ്രകാരം ആദ്യതവണ കുറ്റംചെയ്യുന്നവര്‍ക്കാണ് ഈ വകുപ്പിന്റെ ആനുകൂല്യം.

വിചാരണത്തടവുകാരായ സ്ത്രീകളെയും കുട്ടികള്‍ക്കൊപ്പം ജയിലില്‍ക്കഴിയുന്ന സ്ത്രീകളെ പ്രത്യേകം പരിഗണിക്കാനും പ്രത്യേകം പരിഗണിക്കാനും ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!