പാചകവിദഗ്ധൻ വെളപ്പായ കണ്ണൻ അന്തരിച്ചു

തൃശ്ശൂർ: സദ്യവട്ടങ്ങളിലൂടെ രുചിയുടെ ലോകം സൃഷ്ടിച്ച തൃശ്ശൂരിന്റെ സ്വന്തം പാചകവിദഗ്ധൻ വെളപ്പായ കണ്ണൻ സ്വാമി എന്ന കെ.എച്ച്. കൃഷ്ണൻ(52)അന്തരിച്ചു. മൂന്നു പതിറ്റാണ്ടോളമായി പാചകരംഗത്ത് തുടരുന്ന അദ്ദേഹം കോട്ടപ്പുറത്തെ കണ്ണൻസ്വാമി കൃഷ്ണ കാറ്ററിങ് ഉടമയായിരുന്നു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെയാണ് അന്തരിച്ചത്.
പഴയ നടക്കാവിലെ വെളപ്പായ മഠം കുടുംബാംഗമായ കണ്ണൻസ്വാമി പാചകരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഈ മേഖലയെ ആധുനികവത്കരിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകുർ മഹാരാജാവിൽനിന്ന് പട്ടുംവളയും വാങ്ങിയ മുത്തച്ഛൻ വെളപ്പായ കൃഷ്ണയ്യരുടെയും പിതാവ് ഹരിഹരൻ എന്ന രാശാമണിയുടെയും പാത പിന്തുടർന്നാണ് അദ്ദേഹം പാചകരംഗത്തേക്കെത്തിയത്.
കലോത്സവങ്ങൾ, ക്ഷേത്രോത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, ഭക്ഷ്യമേളകൾ എന്നിവയ്ക്ക് ഭക്ഷണം ഒരുക്കുന്നതിന് നേതൃത്വം നൽകി. പഴയനടക്കാവ് പാണ്ടിസമൂഹമഠം ട്രസ്റ്റ് ബോർഡ് അംഗമാണ്. അമ്മ: രാജലക്ഷ്മി. ഭാര്യ: കെ. മീനാക്ഷി. മക്കൾ: രമ്യ(പാലക്കാട്), രാഹുൽ(കൃഷ്ണ കാറ്ററിങ്). മരുമകൻ: സൂരജ്(പാലക്കാട്). സംസ്കാരം ബുധനാഴ്ച ഒൻപതിന് തൃശ്ശൂർ എം.ജി. റോഡിലെ ബ്രാഹ്മണശ്മശാനത്തിൽ.