സ്‌മൈൽ’ പഠന സഹായിയെത്തി; നേടാം മിന്നും വിജയം

കണ്ണൂർ:എസ്എസ്എൽസി, ഹയർസെക്കൻഡറി, വിഎച്ച്എസ്‌സി വിദ്യാർഥികൾക്കായി ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പഠന സഹായി ‘സ്‌മൈൽ 2025 ‘ പ്രകാശനവും ഹയർസെക്കൻഡറി പരീക്ഷകളിൽ മുഴുവൻ മാർക്കും നേടി വിജയിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും പ്രസിഡന്റ് കെ കെ രത്നകുമാരി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനായി. പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ ടി സരള, വികസന സ്ഥിരംസമിതി ചെയർപേഴ്‌സൺ യു പി ശോഭ, സെക്രട്ടറി റ്റൈനി സൂൺ ജോൺ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, ഹയർ സെക്കൻഡറി ആർഡിഡി ആർ രാജേഷ് കുമാർ, ജില്ലാ പഞ്ചായത്ത് വിഎച്ച്എസ്‌സി അസി. ഡയറക്ടർ ഇ ആർ ഉദയകുമാരി, ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, ഹയർ സെക്കൻഡറി കോ–- ഓഡിനേറ്റർ എം കെ അനൂപ് കുമാർ, ഫിനാൻസ് ഓഫീസർ കെ വി മുകുന്ദൻ എന്നിവർ സംസാരിച്ചു.ഹയർസെക്കൻഡറിയിൽ മുഴുവൻ മാർക്കും നേടിയ സാനിയ കെ രാജേഷ് (നടുവിൽ ജിഎച്ച്എസ്എസ്), അനിക മനോജ് (ജിഎച്ച്എസ്എസ് ചേലോറ), ജി കെ ഗോപിക (മയ്യിൽ ജിഎച്ച്എസ്എസ്), എൻ ശ്രീനന്ദ (ഷേണായീസ് സ്‌കൂൾ, പയ്യന്നൂർ), എ കൃഷ്ണ (പയ്യന്നൂർ ഗേൾസ് ജിഎച്ച്എസ്എസ്) എന്നിവർക്കാണ് ഉപഹാരം നൽകിയത്.ഹയർസെക്കൻഡിയിൽ സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലായി 10 വിഷയങ്ങളിലും എസ്‌എസ്‌എൽസിക്ക് ഐടി ഒഴികെയുള്ള എല്ലാ വിഷയങ്ങളിലുമാണ് കണ്ണൂർ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ പഠനസഹായി തയ്യാറാക്കിയത്. വിജയശതമാനം മികച്ച രീതിയിൽ ഉയർത്തുകയാണ് ലക്ഷ്യം. വിവിധ വിഷയങ്ങളിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് നിശ്ചിത സമയക്രമത്തിനകം പ്രവർത്തന പാക്കേജ് നൽകാനാണ് ഉദ്ദേശിക്കുന്നത്.