മസ്തിഷ്കമരണാനന്തരമുള്ള അവയവദാനം വീണ്ടുംകുറഞ്ഞു

Share our post

തൃശ്ശൂർ: മാറ്റിെവക്കാനുള്ള അവയവം കാത്തിരുന്ന് സംസ്ഥാനത്ത് 12 വർഷത്തിനിടെ ജീവൻ നഷ്ടമായത് 1870 പേർക്ക്. ഇക്കാലത്ത് മസ്തിഷ്ക മരണം സംഭവിച്ചവരിൽ 377 പേരുടെ അവയവങ്ങൾ മാത്രമാണ് ദാനം ചെയ്തിട്ടുള്ളത്.അവയവദാന മേൽനോട്ട ചുമതലയുള്ള കെസോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാന്റ്‌ ഓർഗനൈസേഷൻ) കണക്കനുസരിച്ച് നിലവിൽ സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിന് സന്നദ്ധരായവരുടെ എണ്ണം 2,897 ആണ്. ദേശീയതലത്തിൽ 14-ാം സ്ഥാനത്താണ് കേരളം.

വാഹനാപകടങ്ങൾ കൂടുതലുള്ള കേരളത്തിൽ മസ്തിഷ്കമരണവും കൂടുതലായിരിക്കും എന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ കൃത്യമായ കണക്ക് ലഭ്യമല്ല. നേരത്തേ സന്നദ്ധത അറിയിച്ചവരെക്കൂടാതെ മസ്തിഷ്കമരണം ഉണ്ടായശേഷം ബന്ധുക്കളുടെ സമ്മതത്തോടെ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നതുകൊണ്ടാണ് എണ്ണം ഇത്രയെങ്കിലുമായത്.സന്നദ്ധതയറിയിച്ചവരിൽ രാജസ്ഥാനാണ് ഏറ്റവും മുൻപിൽ -40,348 പേർ. 30,816 പേരുള്ള മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തും 24,536 പേരുള്ള കർണാടക മൂന്നാമതുമാണ്. 2,435 പേരാണ് കേരളത്തിൽ അവയവങ്ങൾ കിട്ടാൻ കെസോട്ടോയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. ഇതിൽ 1978 പേരും വൃക്ക ആവശ്യമുള്ളവരാണ്.

മസ്തിഷ്കമരണത്തെത്തുടർന്ന് അവയവദാനം ചെയ്തവരുടെ എണ്ണം സംസ്ഥാനത്ത് ഈ വർഷം വീണ്ടും കുറഞ്ഞു. നവംബർ 18 വരെയുള്ള കണക്കനുസരിച്ച് മസ്തിഷ്ക മരണാനന്തരം 10 പേരുടെ അവയവം മാത്രമാണ് ദാനംചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷം 19 ആയിരുന്നു.അവയവദാനം സംബന്ധിച്ചുണ്ടായ വിവാദങ്ങളും നിയമപ്രശ്നങ്ങളും ദാതാക്കളുടെ എണ്ണം കുറയുന്നതിനു കാരണമായെന്നു സംശയിക്കുന്നു. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിൽ ഡോക്ടർമാർ പിന്നാക്കം പോയതായും സൂചനയുണ്ട്. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനു പ്രത്യേക പാനലും പ്രോട്ടക്കോളും തയ്യാറാക്കിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല.അവയവദാനത്തിന് താത്പര്യമുള്ളവർക്ക് https://notto.abdm.gov.in/register എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!