അക്ഷയയ്ക്ക് ഇന്ന് 22 വര്‍ഷം; പ്രായംകൂടിയപ്പോള്‍ സംരംഭകര്‍ക്കു തളര്‍ച്ച

Share our post

ആലപ്പുഴ: മലയാളികളെ കംപ്യൂട്ടര്‍ സാക്ഷരരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അക്ഷയയ്ക്ക് തിങ്കളാഴ്ച 22 വര്‍ഷം തികയും. സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന ഔദ്യോഗികകേന്ദ്രമായി അക്ഷയ മാറിയെങ്കിലും അതിന്റെ പ്രയോജനം സംരംഭകര്‍ക്കു ലഭിക്കുന്നില്ല. വര്‍ഷങ്ങളായിട്ടും പരിഷ്‌കരിക്കാത്ത സേവനനിരക്കും ആധാര്‍ സേവനങ്ങള്‍ നല്‍കിയ തുക ഒരുവര്‍ഷത്തിലേറെയായി ലഭിക്കാത്തതുംമൂലം സംരംഭകര്‍ തളര്‍ച്ചയിലാണ്.

സേവനങ്ങളുടെ എണ്ണം കൂടിയതോടെ പല കേന്ദ്രങ്ങള്‍ക്കും കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടിവന്നു. ഏഴും എട്ടും ജീവനക്കാരുള്ള കേന്ദ്രങ്ങളുണ്ട്. കെട്ടിടവാടക, വൈദ്യുതി നിരക്ക്, ജീവനക്കാരുടെ വേതനം എന്നിവയുമായി നോക്കുമ്പോള്‍ ലഭിക്കുന്ന വരുമാനം കുറവായതാണു പ്രതിസന്ധിക്കുകാരണം. 2018-ലെ സേവന നിരക്കാണിപ്പോഴും. നിരക്ക് ഉയര്‍ത്തണമെന്നാവശ്യത്തില്‍ അനുകൂല തീരുമാനമുണ്ടായില്ല. അനധികൃത സേവനകേന്ദ്രങ്ങളുടെ കടന്നുകയറ്റവും തിരിച്ചടിയായി.

ബാങ്കിങ് ഉള്‍പ്പെടെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി നൂറിലേറെ സേവനങ്ങള്‍ സംസ്ഥാനത്തെ 2600-ലേറെ വരുന്ന അക്ഷയകേന്ദ്രങ്ങളിലൂടെ നല്‍കുന്നുണ്ട്. കിടപ്പുരോഗികള്‍ക്കു വീട്ടിലെത്തിയും സേവനം നല്‍കുന്നു. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് വീട്ടുപടിക്കല്‍ സേവനം നല്‍കുന്നതിന് നേരത്തേ 150 രൂപയുണ്ടായിരുന്നു. അത് പിന്നീട് സര്‍ക്കാര്‍ 50 രൂപയായി കുറച്ചു.

2002 നവംബര്‍ 18-ന് മലപ്പുറം ജില്ലയിലാണ് അക്ഷയയുടെ തുടക്കം. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കംപ്യൂട്ടര്‍ സാക്ഷരതയായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീട് മറ്റുസേവനങ്ങളും അതിന്റെ ഭാഗമായി. സംസ്ഥാന ഐ.ടി. മിഷന്റെ നിയന്ത്രണത്തിലാണ് അക്ഷയയുടെ പ്രവര്‍ത്തനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!