ചരിത്രം പിറന്നു; ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം, എലൈറ്റ് ക്ലബ്ബില്‍ ഇന്ത്യയും

Share our post

ന്യൂഡല്‍ഹി: ശബ്ദാതിവേഗ മിസൈല്‍ ടെക്‌നോളജിയില്‍ പുതുചരിത്രം രചിച്ച് ഇന്ത്യ. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈല്‍ പരീക്ഷണം വിജയകരമായതോടെ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ സ്വന്തമായുള്ള അപൂര്‍വം രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.

ഇന്ത്യ മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക വിദ്യയില്‍ സുപ്രധാന നാഴികകല്ലാണ് പിന്നിട്ടിരിക്കുന്നതന്ന് മന്ത്രി കുറിച്ചു. ഇതൊരു ചരിത്രപരമായ നിമിഷമാണ്. ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇത്തരമൊരു സാങ്കേതികവിദ്യ കൈവശമുള്ളതെന്നും പ്രതിരോധ മന്ത്രി വിശദീകരിക്കുന്നു.

1500 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള മിസൈലിന് വിവിധ തരത്തിലുള്ള പേലോഡുകള്‍ വഹിക്കാനാകും. ഇന്ത്യ തദ്ദേശീയമായാണ് മിസൈല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഹൈദരാബാദിലെ ഡോ. അബ്ദുള്‍കലാം മിസൈല്‍ കോംപ്ലെക്‌സ് ഉള്‍പ്പെടെ ഡിആര്‍ഡിഒയുടെ വിവിധ ലബോറട്ടറികള്‍ സംയുക്തമായി പരിശ്രമിച്ചാണ് മിസൈല്‍ യാഥാര്‍ഥ്യമാക്കിയത്.

മണിക്കൂറില്‍ 6200 കിലോമീറ്റര്‍ വേഗത്തിലാണ് മിസൈല്‍ സഞ്ചരിക്കുക. അതുകൊണ്ടുതന്നെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇവയെ തടയാന്‍ സാധിക്കില്ല. ബാലിസ്റ്റിക് മിസൈലുകളേക്കാള്‍ വേഗം താരതമ്യേനെ കുറവാണെങ്കിലും പേലോഡിനെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്ന ഹൈപ്പര്‍സോണിക് ഗ്ലൈഡിന് പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനാകുമെന്നതാണ് ഹൈപ്പര്‍സോണിക് ക്രൂസ് മിസൈലുകളുടെ പ്രത്യേകത.

ബാലിസ്റ്റിക് മിസൈലുകള്‍ ബഹിരാകാശത്തേക്കാണ് പേലോഡുകള്‍ എത്തിക്കുക. തുടര്‍ന്ന് ലക്ഷ്യത്തിലേക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണം ഉപയോഗപ്പെടുത്തിയാണ് എത്തുന്നത്. എന്നാല്‍ ക്രൂസ് മിസൈലുകള്‍ സ്വയം സഞ്ചരിച്ചാണ് ആക്രമണം നടത്തുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!