മാല പിടിച്ചുപറി; പട്ടാളക്കാരൻ വീണ്ടും അറസ്സിൽ

തലശ്ശേരി: യാത്രക്കിടെ സ്ത്രീകളുടെ മാല പിടിച്ചുപറിക്കൽ പതിവാക്കിയ പട്ടാളക്കാരൻ വീണ്ടും പൊലീസ് പിടിയിലായി.പിണറായി കാപ്പുമ്മൽ കുഞ്ഞിലാം വീട്ടിൽ ശരത്താണ് (34) പിടിയിലായത്. നേരത്തേ തലശ്ശേരിയിൽ സമാന കേസിൽ ഇയാൾ പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലെ കനാൽക്കര വായനശാലക്ക് സമീപം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പിണറായി അറത്തിൽ കാവിനടുത്ത സി.കെ. ഷീബയുടെ കഴുത്തിൽനിന്ന് രണ്ടര പവന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമമുണ്ടായിരുന്നു. പിടിവലിക്കിടയിൽ കാൽപവന്റെ താലിമാത്രമാണ് മോഷ്ടാവിന് ലഭിച്ചത്. ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിലെത്തിയായിരുന്നു മാല പൊട്ടിക്കാൻ ശ്രമിച്ചത്.
ഇതിന്റെ സി. സി.ടി.വി ദൃശ്യം സംഭവ സ്ഥലത്തുനിന്ന് ലഭിച്ചിരുന്നു. വെള്ളിയാഴ്ച ധർമടം പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരുന്താറ്റിൽ മൂർക്കോത്ത് മുക്കിൽ ചാത്തോത്ത് കുനിയിൽ വി. വിജയയുടെ (60) കഴുത്തിൽനിന്ന് മാല പൊട്ടിക്കാൻ ശ്രമമുണ്ടായി.ഇവിടെയും ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിലായിരുന്നു ഇയാൾ എത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിണറായി പൊലീസ് ശരത്തിനെ പിടികൂടിയത്. താഴെ ചൊവ്വയിൽനിന്ന് മോഷ്ടിച്ച ഇരുചക്രവാഹനവുമായി എത്തിയാണ് മാല കവർന്നത്.എസ്.ഐ ബി.എസ്. ബാവിഷ്, എ. എസ്.ഐമാരായ രാജേഷ്, രജീഷ്, തലശ്ശേരി എ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ ലിജു, ശ്രീലാൽ, രതീഷ് എന്നിവർ ചേർന്നാണ് ശരത്തിനെ പിടികൂടിയത്.