കുടുംബശ്രീ എത്തും പെടക്കണ മീനുമായി

Share our post

കണ്ണൂർ:നല്ല ‘പെട പെടക്കണ’ മീൻ ഇനി കുടുംബശ്രീ വഴിയെത്തും. മായം കലരാത്ത മത്സ്യങ്ങൾ വിൽപ്പനയ്‌ക്ക്‌ എത്തിക്കാനും കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെയും മത്സ്യഫെഡുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.അന്യസംസ്ഥാനങ്ങളിൽനിന്നെത്തുന്നതും മായം കലർന്നതുമായ മത്സ്യങ്ങളുടെ വരവ്‌ കൂടുമ്പോൾ നല്ല മത്സ്യം ജനങ്ങൾക്ക്‌ കിട്ടാതാകും. ഇതിനൊരു പരിഹാരവുമായാണ്‌ മത്സ്യഫെഡ്‌ കുടുംബശ്രീയുമായി കൈകോർത്ത്‌ പുതിയ സംരംഭം തുടങ്ങുന്നത്‌. ഒരു വാർഡിൽ ഒരു സ്ഥലം എന്ന രീതിയിൽ മത്സ്യവിപണനകേന്ദ്രം ആരംഭിക്കും.

വ്യക്തിഗതമായും സംഘമായും സംരംഭം തുടങ്ങാം. രജിസ്റ്റർ ചെയ്ത സംരംഭകർക്ക് മത്സ്യം ഹാർബറിൽനിന്ന്‌ മത്സ്യഫെഡ്‌ എത്തിക്കും. മത്സ്യ വിപണനം നടത്താൻ ഇരുചക്ര വാഹനം വാങ്ങുന്നതിന്‌ 70,000 രൂപ കുടുംബശ്രീ വായ്പ അനുവദിക്കും. കൂടാതെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ശരണ്യ, കൈവല്യ, കേസ്‌റൂ, നവജീവൻ എന്നീ പദ്ധതികളിൽനിന്ന്‌ സഹായം ലഭ്യമാക്കുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോ-–-ഓഡിനേറ്റർ എം വി ജയൻ പറഞ്ഞു.
ആദ്യ ഘട്ടമെന്ന നിലയിൽ ഒരു വാർഡിൽ ഒരു മത്സ്യ വിപണന കേന്ദ്രവും തുടർന്ന് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാനുമാണ് ലക്ഷ്യം. കുടുംബശ്രീ ഹോം ഷോപ്പ് ഓണർമാരായി മുച്ചക്ര സ്കൂട്ടർ ഉള്ള ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന ലഭിക്കും. സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർ അവരുടെ വാർഡിലെ സിഡിഎസ് ചെയർപേഴ്‌സണുമായി ബന്ധപ്പെടണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!