മണ്ഡലകാല സർവീസിനായി രണ്ടുഘട്ടമായി 933 ബസ്

കൊച്ചി/ പത്തനംതിട്ട: ശബരിമല-മണ്ഡലകാല സർവീസിനായി ആദ്യഘട്ടത്തിൽ 383-ഉം രണ്ടാംഘട്ടത്തിൽ 550 ബസുകളും ഉപയോഗിക്കുമെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ അറിയിച്ചു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകളുള്ളവയാണ് എല്ലാ ബസുകളും. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിനെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ലോ ഫ്ലോർ നോൺ എ.സി.- 120, വോൾവോ നോൺ എ.സി.- 55, ഫാസ്റ്റ് പാസഞ്ചർ-122, സൂപ്പർ ഫാസ്റ്റ്-58, ഡീലക്സ്-15, ഇന്റർസ്റ്റേറ്റ് സൂപ്പർ എക്സ്പ്രസ്-10 എന്നിവയ്ക്കുപുറമേ മൂന്ന് മെയിന്റനൻസ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ടാകും. 628 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ 728 ജീവനക്കാരുണ്ടാകും.
ഇത്രയും ജീവനക്കാർക്ക് താമസസൗകര്യമടക്കമുള്ള കാര്യങ്ങൾ പരിമിതമാണെന്ന് കെ.എസ്.ആർ.ടി.സി. അഭിഭാഷകൻ ദീപു തങ്കൻ അറിയിച്ചു. വിവിധ വകുപ്പുകളിലെ ജീവനക്കാരും അങ്ങനെത്തന്നെയല്ലേ സേവനം അനുഷ്ഠിക്കുന്നതെന്ന് കോടതി വാക്കാൽ ചോദിച്ചു.
കച്ചവടക്കാർ തീർഥാടകരെ ചൂഷണംചെയ്യുന്ന സാഹചര്യമുണ്ടാവരുതെന്ന് കോടതി പറഞ്ഞു. റിക്കവറി വാഹനങ്ങൾ, ആംബുലൻസ്, ടെക്‌നീഷ്യന്മാരുടെ സേവനം സ്പെയർപാർട്‌സ് ലഭ്യത എന്നിവ ഉറപ്പാക്കിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.