കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!