‘ട്രിപ്പിളടി’ ദിവസങ്ങള്‍ക്ക് മുമ്പ് കിട്ടിയ ലൈസന്‍സ് പോയി; കുടുങ്ങിയത് മൊബൈല്‍ ക്യാമറയില്‍

കാക്കനാട്: രണ്ട് ബൈക്കുകളിൽ ട്രിപ്പിളടിച്ചുള്ള ആറ് കോളേജ് വിദ്യാർഥികളുടെ ‘സാഹസിക’ യാത്ര ആർ.ടി.ഒ.യുടെ മൊബൈൽ ക്യാമറയിൽ കുടുങ്ങി. ഇതോടെ കഴിഞ്ഞ ദിവസം കൈയിൽ കിട്ടിയ ലൈസൻസിന്റെ ‘പുതുമണം മാറും മുൻപേ’ സസ്പെൻഡ് ചെയ്തു. കൂടാതെ നിയമലംഘനങ്ങൾക്ക് വേണ്ടുവോളം പിഴയും ചുമത്തി.
തൃക്കാക്കര ഭാരത് മാതാ കോളജിനുസമീപത്താണ് സംഭവം. ഇരു ബൈക്കുകളിൽ മൂന്നു പേർ വീതം മര്യാദയ്ക്ക് ഹെൽമെറ്റ് പോലുമില്ലാതെ കറങ്ങുന്നത് എറണാകുളം എൻഫോഴ്സ്മെൻറ് ആർ.ടി.ഒ. കെ. മനോജിന്റെ കണ്ണിൽ പെടുകയായിരുന്നു. ആറുപേരിൽ ആകെ ബൈക്കോടിച്ചിരുന്ന ഒരാൾ മാത്രമാണ് ഹെൽമെറ്റ് വെച്ചിരുന്നത്.
ഈ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ ആർ.ടി.ഒ. വാഹനങ്ങളുടെ നമ്പർ വഴി വിവരങ്ങൾ ശേഖരിച്ച് വാഹന ഉടമകളായ മാതാപിതാക്കളെ ബന്ധപ്പെട്ടു. ആർ.ടി.ഒ. നിർദേശമനുസരിച്ച് ബൈക്കോടിച്ചിരുന്നവരിൽ ഒരാൾ ആർ.ടി.ഒ.യ്ക്കുമുൻപാകെ ഹാജരായി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലൈസൻസ് കിട്ടിയത് കഴിഞ്ഞ ദിവസമാണെന്നും സസ്പെൻഡ് ചെയ്യരുതെന്നും വിദ്യാർഥി അപേക്ഷിച്ചെങ്കിലും നിയമലംഘനം ചൂണ്ടിക്കാട്ടി നടപടിയെടുക്കുകയായിരുന്നു.
രണ്ടാമത്തെ വിദ്യാർഥിയോട് ശനിയാഴ്ച ഹാജരാവാനും ആവശ്യപ്പെട്ടു. ഹെൽമെറ്റില്ലാതെ അപകടകരമായ രീതിയിൽ ബൈക്കോടിച്ചതിന് ഇരുവരിൽനിന്നും 3,000 രൂപവീതം പിഴയും ഈടാക്കുമെന്ന് ആർ.ടി.ഒ. അറിയിച്ചു.